സ്വർണ കടത്ത് കേസ്, കൊലക്കേസുകളിലെ അട്ടിമറി ഉള്‍പ്പെടെ ഐജി സ്പർജൻകുമാറും, ഡിഐജി തോംസണ്‍ ജോസും നേരിട്ട് അന്വേഷിക്കുന്നുണ്ട്
തിരുവനന്തപുരം: പി.വി.അൻവറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിജിപി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ് അന്വേഷണ സംഘാംഗങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. അതിനിടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഐജിയും ഡിഐജിയും തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന എഡിജിപി എം.ആർ.അജിത് കുമാറിന്റെ കത്തിൽ തുടർ നടപടികളൊന്നും വേണ്ടെന്ന് ഡിജിപി വ്യക്തമാക്കി. എഡിജിപിയുടെ കത്തിൽ ഉത്തരവ് ഇറക്കിയാൽ ചട്ടവിരുദ്ധമാകും എന്നതുകൊണ്ടാണ് രേഖാമൂലം തുടർ നടപടി വേണ്ടെന്നുളള തീരുമാനം.
അൻവറിൻ്റെ മൊഴിയോടെ ആരോപണങ്ങളില്‍ ഗൗരവമായ അന്വേഷണത്തിലേക്ക് കടക്കുകയാണ്. സ്വർണ കടത്ത് കേസ്, കൊലക്കേസുകളിലെ അട്ടിമറി ഉള്‍പ്പെടെ ഐജി സ്പർജൻകുമാറും, ഡിഐജി തോംസണ്‍ ജോസും നേരിട്ട് അന്വേഷിക്കുന്നുണ്ട്. അന്വേഷണ സംഘാംഗങ്ങൾ ആരാണെന്ന് പോലും പുറത്തു പോകരുതെന്നാണ് ഡിജിപിയുടെ നിർദ്ദേശം. എഡിജിപിയുടെ വീട് നിർമ്മാണവും, ആർഎസ്എസ് നേതാവിനെ കണ്ടതും ഉള്‍പ്പെടെ അന്വേഷണ പരിധിയിലുണ്ട്.
undefined
എഡിജിപിക്കെതിരെ അന്വേഷണം തുടങ്ങിയെങ്കിലും അജിത് കുമാറിനെ ക്രമസമാധാന ചുമതലകളിൽ നിന്നും മാറ്റിയില്ല. അജിത് കുമാറിന് ദൈനംദിന റിപ്പോർട്ട് ചെയ്യേണ്ട ദക്ഷിണ മേഖല ഐജിയെയും, തൃശൂർ റെയ്ഞ്ച് ഡിഐജിയെയും അന്വേഷണ സംഘത്തിൽ ഉള്‍പ്പെടുത്തുകയും ചെയ്തു. സുതാര്യമായ അന്വേഷണം എങ്ങനെ നടക്കുമെന്ന ചോദ്യം ഉയർന്നതിന് പിന്നാലെയാണ് സ്വയം രക്ഷയ്ക്കായി ചട്ടവിരുദ്ധമായ നിർദ്ദേശം എഡിജിപി ഇറക്കിയത്. അന്വേഷണം കഴിയുന്നവരെ തന്നെ 9 ജില്ലകളിലെ ക്രമസാധാന പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യേണ്ട രണ്ടു ഉദ്യോഗസ്ഥരും തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നാണ് ഡിജിപിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച ഉത്തരവിറക്കണം എന്നും ഡിജിപിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവിറക്കിയാൽ അത് നിയമ പ്രശ്നങ്ങളിലേക്ക് എത്തും എന്നതിനാൽ അത്തരത്തിൽ ഉത്തരവിടേണ്ടെന്ന് പൊലീസ് ആസ്ഥാനത്ത് തീരുമാനമെടുത്തു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡഷ്യൽ റിപ്പോർട്ട് ഉള്‍പ്പടെ തയ്യാറാക്കേണ്ടത് എഡിജിപിയാണ്. അങ്ങനെയുള്ളപ്പോള്‍ താത്കാലികമായി തനിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഡിജിപിക്ക് ഉത്തരവിറക്കാൻ നിയമപരമായി സാധിക്കില്ല. എങ്കിലും അന്വേഷണ സംഘത്തിലുള്ള ഐജിയും ഡിഐജിയും ജില്ലകളിലെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഡിജിപിയെയാണ് നേരിട്ട് ധരിപ്പിക്കുന്നത്.