'അണ്‍ബോക്സ് കേരള 2025'; വമ്പൻ ലക്ഷ്യങ്ങളുമായി കേരളത്തിന്‍റെ സാധ്യതകള്‍ അടയാളപ്പെടുത്താൻ ക്യാമ്പയിൻ

By Web Team  |  First Published Dec 20, 2024, 5:20 AM IST

കേരളത്തില്‍ വലിയ നിക്ഷേപ സാധ്യതയുള്ള മേഖലകളിലെ സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള അവസരം കാമ്പയിന്‍ മുന്നോട്ടുവയ്ക്കും.


തിരുവനന്തപുരം: കേരളത്തിന്‍റെ മികച്ച നിക്ഷേപ സാധ്യതകള്‍ അടയാളപ്പെടുത്തുന്നതിനായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന 'അണ്‍ബോക്സ് കേരള 2025' ക്യാമ്പയിന്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷം ഫെബ്രുവരി 21, 22 തീയതികളില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025-ന്‍റെ മുന്നോടിയായിട്ടാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിന്‍റെ വിപുലമായ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വ്യവസായ സമൂഹത്തോട് ആവശ്യപ്പെടുന്നതാണ് ഈ ക്യാമ്പയിന്‍. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും ഇത് വ്യക്തമാക്കും. എഐ, റോബോട്ടിക്സ്, ആയുര്‍വേദം, ബഹിരാകാശം, പ്രതിരോധം, ലോജിസ്റ്റിക്സ്, മാരിടൈം, മെഡ്ടെക്, ഭക്ഷ്യ സംസ്കരണം, ടൂറിസം, ഹോസ്പിറ്റാലിറ്റി, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങി കേരളത്തില്‍ വലിയ നിക്ഷേപ സാധ്യതയുള്ള മേഖലകളിലെ സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള അവസരം കാമ്പയിന്‍ മുന്നോട്ടുവയ്ക്കും.

Latest Videos

undefined

ഈ മാസം ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനിക്കുന്ന മൂന്ന് ഘട്ടങ്ങളിലായാണ് ക്യാമ്പയിന്‍ ക്രമീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ വിവിധ പ്ലാറ്റ് ഫോമുകള്‍ വഴിയുള്ള പ്രചാരണത്തിലൂടെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിലെ ഒന്നാം സ്ഥാനം, വ്യാവസായിക വികസനത്തിലെ മുന്നേറ്റം, നിക്ഷേപക സൗഹൃദ നയങ്ങള്‍ തുടങ്ങിയ കേരളത്തിന്‍റെ നേട്ടങ്ങള്‍ കാമ്പയിനിലൂടെ അറിയിക്കും.

മികച്ച സാങ്കേതിക ആവാസവ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും നൈപുണ്യ ശേഷിയുമുള്ള കേരളത്തിലെ വ്യവസായ, നിക്ഷേപ സാധ്യതകള്‍, നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍ എന്നിവയും എടുത്തുകാണിക്കും. കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളെയും കാമ്പയിനില്‍ പരിചയപ്പെടുത്തും. കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍, കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വിഷ്ണുരാജ് പി, കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

click me!