പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്‍റെ പവർ കുറയ്ക്കാവുന്നതാണ്.
തിരുവനന്തപുരം: ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കെഎസ്ഇബി. 1500-2000 വാട്സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിന്‍റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്‍റെ പവർ കുറയ്ക്കാവുന്നതാണ്. പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചു.
അതേസമയം, എത്രയും വേഗം പണമടച്ചില്ലെങ്കിൽ/വിവരങ്ങൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ കെ എസ് ഇ ബിയിൽ നിന്നെന്ന പേരിലുള്ള ചില വ്യാജ എസ് എം എസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ എസ് ഇ ബ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്.
കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല. ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം