ഇൻകെൽ ഉപകരാർ തട്ടിപ്പ് ഊർജ്ജവകുപ്പ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

By Web Team  |  First Published Sep 23, 2023, 8:20 AM IST

പരസ്പരം പറഞ്ഞുറപ്പിച്ച് കമ്പനികൾ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുകയും ഒരു കമ്പനിക്ക് ടെൻഡർ കിട്ടാൻ വഴിയൊരുക്കി എതിരാളികൾ തന്നെ നിരക്ക് ഉയർത്തി തോറ്റു കൊടുക്കുയും ചെയ്യുന്ന രീതിയാണ് കാർട്ടൽ തട്ടിപ്പ്


പാലക്കാട്: ഇൻകെൽ സോളാർ പദ്ധതിയിൽ ഉപകരാർ നൽകിയത് അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. അഡീഷണൽ ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉപകരാർ നൽകിയതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കുൾപ്പടെ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തിൽ എൽഡിഎഫിന് ഒപ്പം തന്നെ നിൽക്കുമെന്നും സ്വതന്ത്ര നിലപാടെടുക്കാൻ ദേശീയ നേതൃത്വം അനുവദിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ ഇൻകെൽ കരാറിൽ നടന്നത് എഐ ക്യാമറയിലും കെ ഫോണിലും കണ്ട ടെൻഡർ ക്രമക്കേടുകൾക്ക് സമാനമായ കാർട്ടൽ തട്ടിപ്പാണെന്ന് വ്യക്തമായി. ഇൻകലിൽ നിന്ന് കരാർ നേടിയെടുത്ത തമിഴ്നാട് കമ്പനിക്ക് സോളാർ പാനൽ നൽകിയത് ടെൻഡറിൽ എതിരാളിയായിരുന്ന ടോപ്സണ്‍ എനർജി എന്ന കമ്പനിയാണ്. ടോപ്‌സണിൽ നിന്നും സോളാർ പാനൽ വാങ്ങിയതിലും ക്രമക്കേടുകൾ ഉയർന്നു.

Latest Videos

എഐ ക്യാമറ വിവാദത്തിലാണ് കാർട്ടൽ തട്ടിപ്പ് ആദ്യം ഉയർന്നത്. പരസ്പരം പറഞ്ഞുറപ്പിച്ച് കമ്പനികൾ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുകയും ഒരു കമ്പനിക്ക് ടെൻഡർ കിട്ടാൻ വഴിയൊരുക്കി എതിരാളികൾ തന്നെ നിരക്ക് ഉയർത്തി തോറ്റു കൊടുക്കുയും ചെയ്യുന്ന രീതിയാണിത്. ഇൻകൽ സോളാർ അഴിമതിയിലും ഈ തട്ടിപ്പ് കാണാം. 

കെഎസ്ഇബി കൊടുത്ത ഏഴ് മെഗാവാട്ട് സോളാർ കരാർ ഇൻകൽ ഉപകരാർ കൊടുക്കുമ്പോഴും ടെൻഡർ വിളിച്ചിരുന്നു. തമിഴ്നാട്ടിലെ റിച്ച് ഫൈറ്റോക്കെയർ, ഗുജറാത്തിലെ ടോപ്സണ്‍ എനർജി, കൊച്ചിയിലെ സൗര്യ നാച്ചുറൽ എനർജി സൊല്യൂഷൻസ് എന്നിവരാണ് പങ്കെടുത്തത്. ഇൻകലിനെ പോലും ഞെട്ടിച്ച് അപ്രതീക്ഷിതമായി കടന്നുവന്ന സൗര്യ നാച്ചുറൽ സൊല്യൂഷൻസിനെ ഫിനാൻഷ്യൽ ബിഡിൽ പുറത്താക്കി. പിന്നെ മത്സരം തമിഴ്നാട് കമ്പനിയും റിച്ചും ഗുജറാത്ത് കമ്പനി ടോപ്സണും തമ്മിലായി. റിച്ചിന് കരാർ കിട്ടാനായി ടോപ്സണെ സെറ്റിൽ ചെയ്യാൻ അഴിമതി ആരോപണം നേരിടുന്ന ഇൻകൽ ജനറൽ മാനെജർ സാം റൂഫസ് ഇൻഡിഗോ വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു.

കോഴ കൊടുത്ത് ടെൻ‍ഡർ നേടിയ തമിഴ്നാട് കമ്പനി, സോളാർ പദ്ധതി നടപ്പാക്കിയപ്പോൾ ഈ പദ്ധതിയിലേക്കുള്ള സോളാർ പാനൽ നൽകിയത് തോറ്റു കൊടുത്ത ടോപ്സണ്‍ എനർജീസാണെന്നും വ്യക്തമായി. വർക്ക് ഓർഡറിൽ ഇൻകെൽ ടോപ്സണിൽ നിന്ന് തന്നെ സോളാർ പാനൽ എടുക്കണമെന്ന് നിഷ്ക്കർഷിക്കുകയും ചെയ്തിരുന്നു. ടോപ്സണിൽ നിന്നും ഉദ്യോഗസ്ഥർ കമ്മീഷൻ വാങ്ങിയെന്ന പരാതി ഇൻകെൽ എംഡി ഇളങ്കോവന് കിട്ടി. പക്ഷെ ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട് പുറത്ത് വരുന്നത് വരെ അഴിമതിക്കാരുടെ മേൽ ഒരു പൊടി പോലും വീഴാതെ എംഡി സംരക്ഷിച്ചു.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!