'മോഹൻലാലിന്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു, ചതി തിരിച്ചറിയണമായിരുന്നു'; വിമർശനവുമായി വീണ്ടും ജലീൽ

By Web Team  |  First Published Feb 15, 2024, 7:37 PM IST

''ഫാഷിസ്റ്റ് പ്രവണതകളെ എതിര്‍ക്കുന്നതില്‍ കേരള രാഷ്ട്രീയവും കലാമേഖലയും മുന്‍പന്തിയിലാണ്. അത്തരമൊരു പൈതൃകഭൂമിയില്‍ നിന്ന് 'വെട്ടിമാറ്റല്‍ സര്‍ജറിയില്‍' ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രം ലക്ഷ്യം.''


മലപ്പുറം: ദേശീയ ഫിലിം അവാര്‍ഡുകളില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ വെട്ടിമാറ്റാനുള്ള ശുപാര്‍ശ നല്‍കിയ കമ്മിറ്റിയില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ അംഗമായി എന്നത് മലയാളി സമൂഹത്തിന് അപമാനമായിയെന്ന് കെടി ജലീല്‍. ഫാഷിസ്റ്റ് പ്രവണതകളെ എതിര്‍ക്കുന്നതില്‍ കേരള രാഷ്ട്രീയവും കലാമേഖലയും മുന്‍പന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയില്‍ നിന്ന് 'വെട്ടിമാറ്റല്‍ സര്‍ജറിയില്‍' ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കേണ്ടതായിരുന്നെന്നും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നെന്നും കെടി ജലീല്‍ പറഞ്ഞു. 

കെടി ജലീലിന്റെ കുറിപ്പ്: ''ഇന്ദിരാഗാന്ധിയേയും നര്‍ഗീസ്ദത്തിനെയും വെട്ടിമാറ്റിയവരില്‍ പ്രിയദര്‍ശനും! ദേശീയ ഫിലിം അവാര്‍ഡുകളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ വെട്ടിമാറ്റാനുള്ള ശുപാര്‍ശ നല്‍കിയ കമ്മിറ്റിയില്‍ മലയാളിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി. ഫാഷിസ്റ്റ് പ്രവണതകളെ എതിര്‍ക്കുന്നതില്‍ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുന്‍പന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയില്‍ നിന്ന് 'വെട്ടിമാറ്റല്‍ സര്‍ജറിയില്‍' ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം. ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നത് മലയാളികളില്‍ ഉണ്ടാക്കിയ അമര്‍ഷം ചെറുതല്ല. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നു. 'വിനാശകാലേ വിപരീത ബുദ്ധി' എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പ്രിയദര്‍ശാ നീയും!''

Latest Videos

ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഇതുവരെ ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് നല്‍കിയിരുന്നത്. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം, പ്രശസ്ത നടി നര്‍ഗീസ് ദത്തിന്റെ പേരിലുമായിരുന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം രൂപവത്കരിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അവാര്‍ഡുകളുടെ പേരുകള്‍ മാറ്റികൊണ്ട് ഉത്തരവിറക്കിയത്. കൊവിഡ് മഹാമാരിയുടെ കാലത്താണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെ അംഗങ്ങളായ സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. 

'30 ദിവസം നല്ല നടപ്പ്, പിഴയും ശിക്ഷയുമില്ല'; പിന്നെയും നിർദേശം ലംഘിച്ചാൽ കർശന നടപടിയെന്ന് ഓട്ടോക്കാരോട് എംവിഡി
 

click me!