ഇറാൻ പിടിച്ചെടുത്ത കപ്പലില്‍ മലയാളികളടക്കം 17 ഇന്ത്യക്കാർ; മോചനത്തിനുള്ള നടപടി ഊർജിതമാക്കി ഇന്ത്യ

By Web Team  |  First Published Apr 14, 2024, 7:51 AM IST

പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലുള്ള രണ്ട് മലയാളികൾ. ഇവർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.


ദില്ലി: ഇറാൻ കസ്റ്റഡിയിലെടുത്ത ഇസ്രയേൽ പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പലിലെ മലയാളികൾ അടക്കമുള്ള പതിനേഴ് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നടപടി ഊർജ്ജിതമാക്കി ഇന്ത്യ. ടെഹ്റാനിലെ ഇന്ത്യൻ എംബസിക്ക് നടപടികളുടെ മേൽനോട്ട ചുമതല നൽകും. ദൂതൻ വഴിയുള്ള ആശയവിനിമയം കപ്പൽ കമ്പനിയും തുടങ്ങിയിട്ടുണ്ട്. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ഇറാൻ നടപടിയെ അപലപിച്ച് അമേരിക്കയും, ബ്രിട്ടണും രംഗത്തെത്തി. ഇറാൻ നടത്തിയത് അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അമേരിക്ക പ്രതികരിച്ചു. കപ്പൽ ഉടൻ വിട്ടയ്ക്കണമെന്ന് ബ്രിട്ടൺ ആവശ്യപ്പെട്ടു.

യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന് കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം  പിടിച്ചെടുത്തത്. മുംബൈ തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലിനെതിരെയായിരുന്നു ഇന്ത്യൻ സമയം രാവിലെ ഏട്ടരയോടെ ഇറാൻ സൈന്യത്തിന്റെ നടപടി. ഹോർമുസ് കടലിടുക്കിൽ നിന്ന് കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റി. കപ്പലിലെ വാർത്താവിനിമയ സംവിധാനവും പ്രവർത്തിക്കുന്നില്ല. ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലി കോപ്റ്റർ ഉപയോഗിച്ചുള്ള ഓപ്പറേഷനിലൂടെ ഇറാൻറെ സൈനികർ കപ്പൽ പിടിച്ചെടുത്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. കപ്പലിൽ രണ്ട് മലയാളികൾ അടക്കം 17 ഇന്ത്യക്കാരുണ്ട്. ഇവരുടെ മോചനത്തിനായി ശ്രമം തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Latest Videos

ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നർ കപ്പലാണ് എംഎസ്‌സി ഏരീസ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി. കപ്പലിൽ 25 പേരുണ്ടായിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. കപ്പലിലെ 17 ഇന്ത്യക്കാരുടെ മോചനത്തിനായി എല്ലാ നടപടികളും ഇന്ത്യ തുടങ്ങി. ഇറാൻ വിദേശകാര്യ മന്ത്രാലയുമായി ടെഹ്റാനിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടു. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലുള്ള രണ്ട് മലയാളികൾ. ഇവർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. അതെസമയം മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിൻ്റെ അനന്തരഫലം ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. സ്ഥിതി വഷളാക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇസ്രയേൽ പ്രതികരിച്ചു.

click me!