മുന്നറിയിപ്പുകളല്ലാതെ കൃത്യമായ പ്രചവനം ഉണ്ടെങ്കിലെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ല.
മുന്നറിയിപ്പുകളല്ലാതെ കൃത്യമായ പ്രചവനം ഉണ്ടെങ്കിലെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകു. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണ്. ഇതിനായി ജാതീയതയും വര്‍ഗീയതയും ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
മലപ്പുറത്ത് നടന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ രാജൻ പതാക ഉയര്‍ത്തി. വയനാട്ടുകാരുടെ പുനരധിവാസത്തിൽ സർക്കാരിനൊപ്പം എല്ലാവരും കൈകോർക്കുന്നുവെന്നത് ഏറെ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് കെ രാജൻ പറഞ്ഞു. നെഞ്ചു കീറുന്ന വേദനയിലൂടെയാണ് കഴിഞ്ഞ കുറേ ദിവസമായി കടന്നു പോകുന്നത്. വയനാടിന്‍റെ കണ്ണുനീര്‍ തോരുന്നില്ല. അത് അവരുടെ മാത്രം കണ്ണീരല്ല. ഉറ്റവരെ നഷ്ടപെട്ടവർക്ക് എന്തു നൽകിയാലും പകരമാവില്ല. പക്ഷെ നാടാകെ വയനാട്ടുകാരുടെ ഉറ്റവരാവും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നതാണ്.ദേശീയ ദുരന്തത്തിനു തുല്യമായ പരിഗണ നൽകി പ്രധാന മന്ത്രിയുടെ സഹായം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനം ദുരുന്തത്തിന്‍റെ നടുവിലാണെന്ന് സ്വാതന്ത്ര്യ ദിന സന്ദേസത്തില്‍ മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് പഠിക്കണം. പ്രകൃതി വിഭവങ്ങളെ ചൂഷ്ണം ചെയ്യുന്നുണ്ട്. പ്രകൃതിയെ സംരക്ഷിച്ച് വികസന സമീപനം മാറണം. പുനർവായന അനിവാര്യമാണ്. 2018 മുതൽ ദുരുന്ത മുണ്ടായിട്ടും ആശിച്ചതു പോലെ മുന്നോട്ട് പോകാൻ ആകുന്നില്ല. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരുന്തത്തിൽ മരിച്ചവർക്ക് ആദരവേകുന്നു. വിലങ്ങാടും വയനാടും എത്തി ചേർന്ന ആയിരങ്ങളുടെ വികാരമാണ് കേരളത്തിന്‍റെ വികാരമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
സംസ്ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിനാഘോഷ നിറവിൽ കേരളം