സംസ്ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിനാഘോഷ നിറവിൽ കേരളം

By Web Team  |  First Published Aug 15, 2024, 9:49 AM IST

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടന്നത്


തിരുവനന്തപുരം: രാജ്യത്തിന്‍റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. 

കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേടങ്ങൾ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ല. മുന്നറിയിപ്പുകളല്ലാതെ കൃത്യമായ പ്രചവനം ഉണ്ടെങ്കിലെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകു. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ട്ടാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണ്. ഇതിനായി ജാതീയതയും വര്‍ഗീയതയും ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Videos


വിശിഷ്ട സേവനങ്ങള്‍ക്കുള്ള മെഡലുകളും  ജീവന്‍ രക്ഷാ പതക്കും മുഖ്യമന്ത്രി വിതരണം ചെയ്തു . കോട്ടയം എളംകാട് സ്വദേശി ജസ്റ്റിന ജോര്‍ജും നിലമ്പൂര്‍ സ്വദേശി വില്‍സണുമാണ് ജീവന് രക്ഷാ പതക് ഏറ്റുവാങ്ങിയത്. ജില്ലാ ആസ്ഥാനങ്ങളിലും ആഘോഷചടങ്ങുകള്‍ നടന്നു.

വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി ഒആര്‍ കേളു പതാക ഉയര്‍ത്തി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടന്നത്. കോഴിക്കോട് വിക്രം മൈതാനിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി എകെ ശശീന്ദ്രൻ പതാക ഉയര്‍ത്തി. 

മലപ്പുറം എംഎസ്പി മൈതാനത്ത് റവന്യു മന്ത്രി കെ രാജൻ പതാക ഉയര്‍ത്തി. കോട്ടയം ജില്ലാ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ജെ ചിഞ്ചുറാണി പതാക ഉയര്‍ത്തി. തൃശൂര്‍ തേക്കിൻകാട് മൈതാനിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍  ബിന്ദു പതാക ഉയര്‍ത്തി. എറണാകുളം കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തി. പാലക്കാട് സ്വാതന്ത്ര്യദിനാഘോഷത്തില്‍ മന്ത്രി എംബി രാജേഷ് പതാക ഉയര്‍ത്തി. പത്തനംതിട്ടയിൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടില്‍ മന്ത്രി സജി ചെറിയാൻ പതാക ഉയര്‍ത്തി. ദില്ലിയിലെ കേരള ഹൗസിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു.


കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചു. പരേഡില്‍ സതേണ്‍ നേവല്‍ കമാന്‍ഡിംങ് ചീഫ്
വൈസ് അഡ്‍മിറല്‍  വി.എസ്.ശ്രീനിവാസ് സല്യൂട്ട് സ്വീകരിച്ചു. ദക്ഷിണ നാവിക ആസ്ഥാനത്തെ യുദ്ധ സ്മാരകത്തില്‍ വീരമൃത്യുവരിച്ച
ജവാന്‍മാരുടെ സ്മരണയില്‍ പുഷ്പചക്രമര്‍പ്പിച്ച ശേഷമായിരുന്നു പരേഡ്. ദുരന്തമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ സേനാംഗങ്ങളെ
പ്രസംഗത്തില്‍ വി.എസ്.ശ്രീനിവാസ് അഭിനന്ദിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തി. ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, റൂറൽ പോലീസ് മേധാവി ഹേമലത എന്നിവർ സന്നിഹിതർ അയിരുന്നു. 22 പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണിനിരന്നു. ധർമ്മടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  രജീഷ് തെരുവത്ത് പീടികയിൽ സെറിമോണിയൽ പരേഡിന് നേതൃത്വം നൽകി.
 

  മതേതര സിവിൽ കോഡ് വേണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി; 2047ല്‍ 'വികസിത ഭാരത' ലക്ഷ്യത്തിലെത്തും

 

click me!