ഇരുട്ടടിയായി പാചക വാതക വില വർധനവ്;കൂട്ടിയത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില, ഹോട്ടൽ മേഖലയെ ബാധിക്കും

By Web Team  |  First Published Nov 1, 2023, 8:00 AM IST

വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്. വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി


കൊച്ചി:രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 102 രൂപ വര്‍ധിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്. വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി.

അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 102 രൂപ കൂടി വര്‍ധിപ്പിച്ചതെന്നാണ് വിവരം.

Latest Videos

ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ഹോട്ടല്‍ മേഖലയിലുള്ളവരെ വലിയരീതിയിലുള്ള വിലവര്‍ധനവ് ബാധിക്കും. അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് പുറമെ പാചകവാതകത്തിന്‍റെയും വില പലപ്പോഴായി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ വ്യവസായത്തെതന്നെ പ്രതിസന്ധിയിലാക്കുകയാണെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

കഴിഞ്ഞ മാസവും വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞമാസം 19 കിലോയുടെ വാണിജ്യ. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും 100രൂപയിലധികം വര്‍ധിപ്പിച്ചിരിക്കുന്നത്.. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് രണ്ടുമാസത്തിനിടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

click me!