മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, എം പോക്സ് സമ്പർക്ക പട്ടികയിൽ 23 പേർ; നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി

By Web Team  |  First Published Sep 19, 2024, 6:33 PM IST

യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 43 പേരെയും മനസിലാക്കിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.


മലപ്പുറം : മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് ഇന്നലെ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും. ദുബായിൽ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 43 പേരെയും മനസിലാക്കിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. ചികിത്സയിലുള്ള  എടവണ്ണ ഒതായി സ്വദേശിയായ യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും.

Latest Videos

undefined

എന്താണ് എംപോക്‌സ്?

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

രോഗ പകര്‍ച്ച

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

പ്രതിരോധം

അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം. 

 

 


 

click me!