ബൗദ്ധിക വെല്ലുവിളി നേരിടുന്നയാള്‍ക്ക് ലീഗൽ ഗാർഡിയനെ നിയമിക്കണം: മനുഷ്യാവകാശ കമ്മീഷൻ

By Web Desk  |  First Published Jan 10, 2025, 7:33 PM IST

തിരുമല സ്വദേശിനി സരസ്വതിയമ്മ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി.


തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളി നേരിടുന്നയാളെ ബാല്യം മുത‍ല്‍ സംരക്ഷിക്കുന്ന അവിവാഹിതയായ ബന്ധുവിനെ ലീഗ‍ല്‍ ഗാർഡിയനായി നിയമിക്കണമെന്ന ആവശ്യത്തി‍ല്‍ പ്രാദേശിക അന്വേഷണം നടത്തി രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷ‍ന്‍ ചെയർപേഴ്സ‍ണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം ന‍ല്‍കി.

നാഷണ‍ല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം തീരുമാനമെടുക്കാനാണ് കമ്മീഷ‍ന്‍ നിർദ്ദേശിച്ചത്. തിരുമല സ്വദേശിനി സരസ്വതിയമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ സഹോദരന്റെ മക‍ന്‍ അനി‍ല്‍കുമാറിന് (53) വേണ്ടിയാണ് പരാതി നൽകിയത്. 62 വയസ്സുള്ള തന്റെ കാലശേഷം അനി‍ല്‍കുമാറിനെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ജില്ലാ സാമൂഹിക നീതി ഓഫീസർ കമ്മീഷനി‍ല്‍ സമർപ്പിച്ച റിപ്പോർട്ടി‍ല്‍ പരാതിക്കാരിയെ അനി‍ല്‍ കുമാറിന്റെ ലീഗ‍ല്‍ ഗാർഡിയനായി നിയമിക്കണമെന്ന് ശുപാർശ ചെയ്തു.

Latest Videos

അനി‍ല്‍ കുമാറിന് അമ്മയും രണ്ട് സഹോദരിമാരുമുണ്ടെന്ന് റിപ്പോർട്ടി‍ല്‍ പറയുന്നു. ഇവരുടെ കുടുംബസ്വത്ത് ഭാഗിച്ചപ്പോൾ 9 സെന്റ് അനി‍ല്‍ കുമാറിന് നൽകി. എന്നാ‍ല്‍ ബൗദ്ധിക വെല്ലുവിളി നേരിടുന്നയാളിന്റെ സംരക്ഷക എന്ന നിലയിൽ രേഖക‍ള്‍ ശരിയാക്കുന്നതിനോ സ്വത്തി‍ല്‍ നിന്നും ആദായമെടുക്കാനോ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. 

നാഷണ‍ല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം ലോക്ക‍ല്‍ ഗാർഡിയനായി നിയമിക്കുന്നതിനുള്ള അപേക്ഷ പരാതിക്കാരി ജില്ലാ കളക്ടർക്ക് നൽകണമെന്ന് കമ്മീഷ‍ന്‍ നിർദ്ദേശിച്ചു. തഹസി‍ല്‍ദാർ/വില്ലേജ് ഓഫീസർ മുഖേന പ്രാദേശിക അന്വേഷണം നടത്തി വിവരം പരാതിക്കാരിയെ ജില്ലാ കളക്ടർ അറിയിക്കണം. പരാതിക്കാരിയുടെ കാലശേഷം അനി‍ല്‍  കുമാറിന്റെ ഗാർഡിയനായി നിയമിക്കാനുള്ള വ്യക്തിയെ കണ്ടെത്തണം.  ആവശ്യമെങ്കി‍ല്‍ ജില്ലാ കളക്ടർക്ക് ജില്ലാ സാമൂഹികനീതി ഓഫീസറുടെ സഹായം തേടാമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

READ MORE: വായ്പ അടച്ച് തീർത്തയാളുടെ വീട് ജപ്തി ചെയ്യാൻ കേരള ബാങ്ക് ഉദ്യോ​ഗസ്ഥരുടെ നീക്കം; നാട്ടുകാർ ഇടഞ്ഞതോടെ തടിതപ്പി

click me!