ഉരുള്‍പൊട്ടലില്‍ നാശമെത്ര നഷ്ടമെത്ര; കണക്കുകള്‍ക്കായി ഇനിയും കാത്തിരിക്കണം

By Suhail Ahammed  |  First Published Aug 5, 2024, 11:39 AM IST

നാശനഷ്ടങ്ങളുടെ കണക്കെ നമുക്ക് എടുക്കാനാകൂ. തകർന്നു പോയ സ്വപ്‍നങ്ങളുടെ തൂക്കം ഒരു അളവ് കോലില്‍ കണക്കിലും ഉള്‍ക്കൊള്ളിക്കാനാകില്ല. 


വയനാട്: ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. മുന്നിലുണ്ടായിരുന്നതെല്ലാം ചളിയില്‍ പൂഴ്ത്തിയൊഴുകിയ ദുരന്തഭൂമയില്‍ നിന്ന് ഇനിയെരു ജീവന്‍റെ തുടിപ്പ് കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസം ഏഴാം ദിവസത്തിലെത്തുമ്പോള്‍ അവസാനിക്കുന്നു. പക്ഷേ, മറ്റൊരു ദൌത്യം തുടങ്ങുകയാണ്. നഷ്ടക്കണക്കുകള്‍. ജൂലൈ 30 ന് അര്‍ദ്ധരാത്രിക്ക് പിന്നാലെ ഒലിച്ചിറഞ്ഞിയ പുഞ്ചിരിമട്ടയില്‍ നിന്നുള്ള ഉരുള്‍ തീര്‍ത്ത നാശനഷ്ടക്കണക്കുകള്‍. നഷ്ട കണക്ക് തിട്ടപ്പെടുത്തലാണ് സർക്കാരിന് മുന്നിലെ പ്രധാന ദൗത്യം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി 5,000 ത്തോളം പേരെയാണ് ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ചത്. മുണ്ടക്കൈ, അട്ടമല, ചൂരൽമല വാർഡുകളിലൂടെ കുത്തിയൊലിച്ചൊഴുകിയ ദുരിതം. മൂന്ന് വാർഡിലായി 1,721 വീടുകൾ. 4,833 മനുഷ്യർ. സ്‌കൂളും ആരാധനാലയങ്ങളും വ്യാപര സ്ഥാപനങ്ങളും വേറെ. നഷ്ടകണക്ക് എടുക്കണം. പുനരധിവസിപ്പിക്കണം. എല്ലാവരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. സർക്കാറിന് മുന്നിലെ കടമ്പകൾ ഏറെയാണ്. 

മുണ്ടക്കൈ വാർഡിലെ ജനസംഖ്യ 1247.  ഉരുളിൽ പൊതിഞ്ഞു പോയവർ 78. കാണാമറയത്ത് 150 ഒളം മനുഷ്യർ. 466 വീടുകളിൽ 436  വീടുകളും തകർന്നു. ജിഎല്‍പി സ്കൂൾ, പോസ്റ്റ്‌ ഓഫീസ്, പള്ളി, മദ്രസ എല്ലാം മണ്ണടിഞ്ഞു. മേൽവിലാസം മില്ലാത്തൊരു കണ്ണീർ ഭൂമിയായി മുണ്ടക്കൈ മാറി. ചൂരൽ മലയിൽ 2,162 പേർ ഉണ്ടായിരുന്നു. 88 ജീവനുകൾ പ്രളയമെടുത്തു. 120 പേരെ ഇനിയും കണ്ടെത്താനുണ്ട്. 90 പേർ പരിക്കേറ്റ് ചികിത്സയിൽ. ബാക്കിയുള്ളവർ ഉള്ളുനീറി നൊന്തു കഴിയുന്നു. 783 വീടുകളിൽ 150 എണ്ണവും തകർന്നു. വ്യാപാര സ്ഥാപങ്ങൾ, ബാങ്കുകൾ, അങ്ങനെ പലതും പ്രളയബാക്കിയായി. 1,423 പേരുണ്ട് അട്ടമലയിൽ. മലയാടിവാരത്തെ 9 പേര് മരിച്ചു. അഞ്ചു പേരെ കണാതായി. 716 വീടുകളിൽ 82 എണ്ണവും തകർന്നു. പ്രളയം ഏറ്റവും കുറവ് നാശമുണ്ടാക്കിയത് അട്ടമല വാർഡിലാണ്.

Latest Videos

undefined

അതേസമയം കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചത് 222. (പുരുഷന്‍  - 97, സ്ത്രീ  -88,  കുട്ടികള്‍ -37) ഇതില്‍ 172 മൃതദേഹങ്ങള്‍ ബന്ധുകള്‍ തിരിച്ചറിഞ്ഞു.   180 ഒളം ശരീര ഭാഗങ്ങള്‍ കണ്ടെത്തി. 222 മൃതദേഹങ്ങളുടെയും 161 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം നടത്തി. പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 256 പേര്‍ ഡിസ്ചാര്‍ജ്ജായെന്നും കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. ഇനിയും കണ്ടെത്താനുള്ളവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഏഴാം ദിവസമായ ഇന്ന് ആരംഭിച്ചു.  ഇന്ന് മുതല്‍ ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി.

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്തു മൃഗങ്ങള്‍, തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച പുല്‍കൃഷി, കറവയന്ത്രങ്ങള്‍ തുടങ്ങിയവയുടെ കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്. കഴിഞ്ഞ ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 മൃഗങ്ങളെ കാണാതായി. ഉരുള്‍ പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് അലഞ്ഞ് തിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി  ബ്രഹ്മഗിരി ഡവലപ്പ്‌മെന്‍റ് സൊസൈറ്റിയുടെ സഹകരണത്തോടെ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്. നാശനഷ്ടങ്ങളുടെ കണക്കെ നമുക്ക് എടുക്കാനാകൂ. തകർന്നു പോയ സ്വപ്‍നങ്ങളുടെ തൂക്കം ഒരു അളവ് കോലില്‍ കണക്കിലും ഉള്‍ക്കൊള്ളിക്കാനാകില്ല. 

* ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കുകളാണ് ഇവ. ഔദ്ധ്യോഗികമായ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ കണക്കുകളില്‍ മറ്റമുണ്ടായേക്കാം. 

click me!