എങ്ങനെയാണ് പലരും കൊവിഡ് മരണ പട്ടികയ്ക്ക് പുറത്തായത്? ചട്ടം ആരാണ് അട്ടിമറിച്ചത്?

By Web Team  |  First Published Jul 7, 2021, 9:24 AM IST

മരണമുയരാൻ തുടങ്ങിയ ജൂലൈ മുതലാണ് കേരളം കൊവിഡ് മരണങ്ങളെ ഔദ്യോഗികമായി പട്ടികയിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയത്. ജൂലൈയിൽ മാത്രം 18 പേരെ പുറത്താക്കി. ആ മാസം പത്തനംതിട്ടയിലും കോഴിക്കോടും മരിച്ച കാൻസർ രോഗികളും കൊവിഡ് കാരണം മരിച്ചതല്ലെന്ന് സർക്കാർ തന്നെ പറഞ്ഞു. 


മറ്റു സാധ്യതകളൊന്നുമില്ലാത്ത പക്ഷം കൊവിഡ് കാരണമോ, കൊവിഡുമായി ബന്ധപ്പെട്ടതോ ആയ മരണങ്ങളാണ് കൊവിഡ് മരണം എന്നാണ് ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖ വ്യക്തമായി പറയുന്നു. കൊവിഡ് മരണം കണക്കാക്കുന്നതിന്റെ അടിസ്ഥാന രേഖ രണ്ട് എണ്ണമാണ് ഉള്ളത്. ലോകാരോഗ്യസംഘടനയും, ഇന്ത്യയിൽ ഐസിഎംആറും പുറത്തിറക്കിയ മാർഗരേഖകളാണിത്.  കൊവിഡ് കാരണം ഗുരുതരമാകാൻ സാധ്യതയുള്ള രോഗമുണ്ടെങ്കിൽ മരണം ആ രോഗത്തിന്റെ പേരിൽപ്പെടുത്തരുതെന്നും കോവിഡായി തന്നെ രേഖപ്പെടുത്തണമെന്നും കൃത്യമായി പറയുന്നു. 

കൊവിഡ് മരണക്കണക്കുകൾ രേഖപ്പെടുത്തുന്നത് ഭാവിയിലെ പഠനങ്ങൾക്കും മെഡിക്കൽ സയൻസിന് കൃത്യമായ ഡാറ്റയ്ക്കും വേണ്ടിയാണ്.
ലഭിക്കാവുന്ന പരമാവധി വിവരങ്ങൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നാണ് നിർദേശം.

Latest Videos

undefined

എന്നിട്ടും എങ്ങനെയാണ് ഇത്രയധികം മരണങ്ങൾ കേരളത്തിൽ പട്ടികയ്ക്ക് പുറത്തായത്?

2020 ജൂലൈ - കേരളം മരണങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തുടങ്ങി. മരണമുയരാൻ തുടങ്ങിയ ജൂലൈ മുതലാണ് കേരളം കൊവിഡ് മരണങ്ങളെ ഔദ്യോഗികമായി പട്ടികയിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയത്. ജൂലൈയിൽ മാത്രം 18 പേരെ പുറത്താക്കി. ആ മാസം പത്തനംതിട്ടയിലും കോഴിക്കോടും മരിച്ച കാൻസർ രോഗികളും കൊവിഡ് കാരണം മരിച്ചതല്ലെന്ന് സർക്കാർ തന്നെ പറഞ്ഞു. ആദ്യതരംഗത്തിൽ മാത്രം 1674 മരണങ്ങൾ പുറത്തായെന്നാണ് സമാന്തര കണക്ക്. ആകെ 13,000ത്തിലധികമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കണ്ണൂരിൽ മരിച്ച മാഹി സ്വദേശിയുടെ മരണം ഒഴിവാക്കിയത് വലിയ വിവാദമായിട്ടും സർക്കാർ കുലുങ്ങിയില്ല.  

എന്തിനായിരുന്നു ഈ കടുംപിടുത്തം?  എങ്ങനെയായിരുന്നു ഈ ഒഴിവാക്കലുകൾ?

താഴേത്തട്ടിൽ നിന്ന് വരുന്ന മരണങ്ങളെ രോഗികളെ നേരിട്ട് കാണാത്ത സംസ്ഥാനതല സമിതി തരംതിരിച്ച് ഒഴിവാക്കിയതാണ് പ്രധാന കാരണങ്ങളിലൊന്ന്. ആശുപത്രികളിൽ നിന്ന് ഡിഎംഒമാർ വഴി സംസ്ഥാനതലത്തിലെത്തിയ മരണങ്ങൾ പട്ടികയിൽ വന്നില്ല. കാൻസറടക്കമുള്ള രോഗങ്ങളുള്ളവരിലും കൊവി‍ഡ് മൂലം മാത്രം ശ്വാസകോശ രോഗങ്ങൾ ഗുരുതരമായാകുകയും മരണത്തിലെത്തുകയും ചെയ്യാം. അതിനാലത് നേരിട്ടുള്ള കൊവിഡ് മരണമായി കണക്കാക്കാനാവില്ലെന്ന ഐസിഎംആർ മാർഗനിർദേശത്തിലെ ഭാഗം ഇവിടെ സർക്കാർ കൂട്ടുപിടിച്ചു. ഗുരുതര രോഗമുള്ളവരുടെ പോലും  മരണങ്ങൾ അങ്ങനെ പട്ടികയ്ക്ക് പുറത്തായി.   കൊവിഡാകാൻ സാധ്യതയുള്ളതോ സംശയിക്കുന്നതോ ആയ മരണങ്ങളെപ്പോലും ഉൾപ്പെടുത്തണമെന്ന WHO നിർദേശം അവഗണിക്കപ്പെട്ടു.

നെഗറ്റീവെന്നാൽ രോഗമുക്തി..!

മരിക്കും മുൻപ് നെഗറ്റീവായത് കൊണ്ട് മാത്രം പുറത്തായവരാണ് മറ്റൊരു വിഭാഗം.  രോഗത്തിനും രോഗമുക്തിക്കും ഇടയിൽ പൂർണമായ രോഗമുക്തി ഉണ്ടാവരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിർവ്വചനത്തിലെ ഒരു വരിയാണ് ഇതിന് കൂട്ടുപിടിച്ചത്. നെഗറ്റീവായതിനെ രോഗമുക്തിയാക്കി. നെഗറ്റീവായതിന് പിന്നാലെ മരിച്ചവർ പട്ടികയിൽ നിന്ന് പുറത്തായി. 

വിമർശനം തുടക്കം മുതൽ..

രണ്ട് നടപടികൾ വ്യാപകമായി വിമർശിക്കപ്പെട്ടു.  ഗുരുതരാവസ്ഥയിലുള്ളവരെപ്പോലും തുടരെത്തുടരെ പരിശോധിക്കുന്നതായിരുന്നു ഒന്ന്.   നെഗറ്റിവ് ഉറപ്പാക്കി  മരണം കൊവിഡല്ലെന്ന്  വരുത്താനാണിതെന്ന് വിമർശനമുയർന്നു.    മരണശേഷം 3 സാംപിളുകളെടുത്ത്, ഒന്ന്  ആലപ്പുഴ എൻഐവിയിൽ വരെ അയച്ച്  പിന്നെയും പരിശോധിക്കുന്നതായിരുന്നു മറ്റൊന്ന്. മരണം കൊവിഡായി കണക്കാക്കുന്നതിന് പകരം നെഗറ്റീവ് ഫലം ലഭിച്ച് പട്ടികയിൽ നിന്നൊഴിവാക്കാനാണ് ഈ നടപടിയെന്നും വിമർശിക്കപ്പെട്ടു.  

പുറത്തുപറയാത്ത പേരുകൾ പതിനായിരത്തിലധികം..

2020 ഡിസംബർ മുതൽ 2021 ജൂലൈ വരെ പുറത്തുപറയാത്ത പേരുകൾ പതിനായിരത്തിലധികമാണ്. സർക്കാർ കണക്കിനേക്കാൾ വലിയ സമാന്തര കണക്ക് വന്നതോടെ കഴിഞ്ഞ വർഷം ഡിസംബറിൽ സർക്കാർ പേരുകൾ പറയുന്നത് തന്നെ നിർത്തി.  പകരം വയസ്സും സ്ഥലവും ആണോ പെണ്ണോ എന്നും മാത്രം. ഇതോടെ ആരൊക്കെ പട്ടികയിൽ വന്നു, ആരൊക്കെ പുറത്തായെന്ന് അറിയാൻ മാർഗമില്ലാതായി.  കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇക്കഴിഞ്ഞ ദിവസം വരെ മരിച്ച പതിനായിരത്തിലധികം പേർ ആരൊക്കെയാണെന്നത് ഇപ്പോഴും സർക്കാരിന് മാത്രമറിയുന്ന രഹസ്യമാണ്.  പതിനായിരങ്ങൾ ഇത് എവിടെപ്പോയി നോക്കുമെന്നറിയാതെ ഉഴലുകയാണ്.  എന്തിന് ഈ നടപടിയെന്ന ചോദ്യത്തോട് അന്നത്തെ ആരോഗ്യമന്ത്രി കണ്ണടച്ചു.

താഴേത്തട്ടിലും പാളിച്ചയോ.. അതോ?

ഇനിയുള്ളവ താഴേത്തട്ടിലെ സാധ്യതകളാണ്.  മാർഗനിർദേശങ്ങളിൽ മനസിലാക്കുന്നതിൽ ഡോക്ർമാർക്ക് വന്ന അവ്യക്തതയുമാണ് ഒന്ന്.    നെഗറ്റീവായത് രോഗമുക്തിയായി വ്യാഖ്യാനിച്ച് ഡോക്ടർമാർ മാറ്റിയെഴുതി.  കൊവിഡ്  ഗുരുതരമായി അവയവങ്ങളെ ബാധിച്ച് മരിച്ച കേസുകളിൽ പെട്ടെന്നുള്ള മരണകാരണം മാത്രം രേഖപ്പെടുത്തിയത് മറ്റൊന്ന്.  ഇത് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുള്ളവർ പറയുന്ന സാധ്യത മാത്രമാണ്.   മറ്റൊന്ന് കൊവിഡ് ബാധിച്ചുള്ള മരണമുണ്ടാക്കുന്ന സാമൂഹിക ആഘാതമാണ്.

പട്ടികയ്ക്ക് അകത്താര് പുറത്താര്? 

ഇപ്പോഴും കേരളത്തിന്റെ കൊവിഡ് മരണനിരക്ക് വളരെ കുറവാണ്. പക്ഷെ പുറത്ത് നിൽക്കുന്നവരുടെ എണ്ണം 5 മാസം ഇരുട്ടിൽ വെച്ച പതിനായിരക്കണക്കിന് പേരുടെ പേരു വിവരങ്ങൾ നമുക്ക് ഇന്നുമറിയില്ല.  മേൽപ്പറഞ്ഞ വീഴ്ച്ചകൾക്കെല്ലാം ആരാണ് ആദ്യ ഉത്തരവാദി എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ, സർക്കാർ. 


പട്ടികയിലെ പൊരുത്തക്കേടുകൾ..

സർക്കാർ ഔദ്യോഗികമായി ഒഴിവാക്കിയത് 472 മരണം ആണ്. ആരോഗ്യപ്രവർത്തകർ സമാന്തരമായി തയാറാക്കിയ  അനൗദ്യോഗിക പട്ടികയിൽ മരണം നാലായിരത്തിലധകിമാണ്. വ്യാപനം കൂടുതലുള്ള എറണാകുളം, മലപ്പുറം ജില്ലകളിൽ  മരണം കുറവാണെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്. താരതമ്യേന വ്യാപനം കുറഞ്ഞ തിരുവനന്തപുരത്ത് മരണം കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. കളക്ടർമാർ പറഞ്ഞതും സർക്കാർ കണക്കും തമ്മിൽ പൊരുത്തക്കേട് വന്നു. കളക്ടർമാർ പിന്നീട് മരണം പറയാതെയായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


 

click me!