ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകാനുള്ള എൻസിഇആർടി തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഇത് ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് കൊണ്ട് വരാനുള്ള എൻസിഇആർടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് മന്ത്രി പറഞ്ഞു. ഇത് നമ്മുടെ ദേശത്തിന്‍റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലിന്‍റെ ഉദാഹരണമാണ്. എൻസിഇആർടിയുടെ ഈ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്. ഈ തീരുമാനം പുനപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസ്സിൽ സംവേദനപരമായ സമീപനം വളർത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകൾ മാറ്റി, മൃദംഗ്, സന്തൂർ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീർത്തും ശരിയല്ല. കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്കാരിക സ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകാനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. എൻസിഇആർടിയുടെ ഈ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്.
പാഠപുസ്തകത്തിലെ തലക്കെട്ടുകൾ വെറും പേരല്ല. അവ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് തലക്കെട്ടുകൾ അർഹമാണ്. എൻസിഇആർടി ഈ തീരുമാനം പുനപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യണമെന്നും എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. വിദ്യാഭ്യാസം അടിച്ചേൽപ്പിക്കലിന്റെയല്ല, ശാക്തീകരണത്തിന്റെയും സമവായത്തിന്റെയും ഒരു ഉപകരണമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം