ജുഡീഷ്യറി പൂർണമായും സംഘപരിവാറിന് വഴങ്ങിയിട്ടില്ലെന്ന് നാസർ ഫൈസി കൂടത്തായി; കോടതി അവധാനതയോടെ വിഷയത്തിൽ ഇടപെട്ടു എന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഹിജാബ് കേസ് വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടി സ്വാഗതം ചെയ്ത് മുസ്ലിം ലീഗും സമസ്തയും. വിശാല ബെഞ്ചിൽ പ്രതീക്ഷയുണ്ടെന്ന് സമസ്ത പ്രതികരിച്ചു. കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയ ജസ്റ്റിസ് സുധാൻശു ധൂലിയയുടെ നിലപാട് സ്വാഗതാർഹമാണെന്ന് എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ജുഡീഷ്യറി പൂർണമായും സംഘപരിവാറിന് വഴങ്ങിയിട്ടില്ലെന്നും തങ്ങളുടെ ആശങ്കകൾ പരിഗണിക്കപ്പെട്ടെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
കോടതി അവധാനതയോടെ വിഷയത്തിൽ ഇടപെട്ടു എന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രധാരണം മൗലിക അവകാശമാണ്. ലോകത്താകമാനം ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ മാത്രമുള്ള ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാകും. ഹിജാബ് എവിടെയും നിരോധിത വസ്ത്രമല്ല. വിവിധ മതവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഹിജാബ് കേസിൽ ഭിന്നവിധി; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി, കർണാടക ഹൈക്കോടതി വിധി തള്ളി ജ. ധൂലിയ
കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി വച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല ബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്. കേസ് വിശാല ബെഞ്ച് പരിഗണിക്കണോ, ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതിൽ ഇനി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ, ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരും.
ഹിജാബ് നിരോധനം തുടരുമെന്ന് കർണാടക സർക്കാർ, 'പ്രതീക്ഷിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്ന ഉത്തരവ്'