നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധിച്ചതിനെതിരായ അതിജീവിതയുടെ ഹര്‍ജി തള്ളി; പൊലീസ് അന്വേഷണമില്ല

By Web Team  |  First Published Oct 14, 2024, 10:48 AM IST

വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹർജി നൽകിയിരുന്നത്.  


കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്ന്  പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി സിഎസ് ഡയസ് വിധി പറഞ്ഞത്. മുൻപ് തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട  ഹർജി നിയമപരമായി നില നിലനിൽക്കില്ലെന്നുമാണ് ജസ്റ്റിസ്‌ സി എസ് ഡയസ് ചൂണ്ടിക്കാട്ടിയത്. പരാതിക്കാരിക്ക് നിയമപരമായ മറ്റു മാർഗങ്ങൾ തേടാം എന്നും ജസ്റ്റിസ് വ്യക്തമാക്കി. 

വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹർജി നൽകിയത്.  പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി തന്റെ സഹപ്രവർത്തകരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് നൽകിയതെന്നാണ് അതിജീവിതയുന്നയിക്കുന്ന വാദം. സിംഗിൾ ബെഞ്ച് വിധിക്കെതിരെ അതിജീവിത അപ്പീൽ നൽകും. 

Latest Videos

undefined

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ നേരത്തെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. വിചാരണക്കോടതിയുടേതടക്കം മൂന്ന് കോടതികളുടെ പരിഗണനയിലിരിക്കെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന, ജില്ലാ സെഷൻസ് കോടതിയിലെ ക്ലർക്ക് മഹേഷ്, വിചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ, എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്നാണ് കണ്ടെത്തൽ. 

നവദമ്പതികള്‍ സഞ്ചരിച്ച കാർ 15അടി ആഴമുള്ള കിണറ്റിലേക്ക്, അത്ഭുതകരമായി ജീവിതത്തിലേക്ക് കാർത്തികും വിസ്മയയും

2018 ൽ മെമ്മറി കാർഡ് അങ്കമാലി മജിസ്ട്രേറ്റിന്റെ സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി. ഇവിടെ വെച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് ലീന മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചത്.  2018 ഡിസംബർ 13 ന് ജില്ലാ ജ‍ഡ്ജിയുടെ പിഎ മഹേഷ് തന്‍റെ  ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു. രാത്രി 10.52 ന് നടന്ന പരിശോധന ജഡ്ജിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് മൊഴി. എന്നാൽ ജ‍ഡ്ജി ഇത്തരം ആവശ്യം നിർദ്ദേശിച്ചോ എന്ന് അന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി പരിശോധിച്ചില്ല. കൂടാതെ 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചു. തന്റെ വിവോ ഫോണിൽ ഇട്ടാണ് പരിശോധിച്ചത്. ഈ ഫോൺ 2022 ഫെബ്രുവരിയിലെ യാത്രക്കിടയിൽ നഷ്ടമായെന്നും മൊഴി നൽകി. അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയോ നടപടികൾക്ക് നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.   

 

 

click me!