16കാരിയെ മാസം തികയും മുമ്പേ പ്രസവിപ്പിക്കാം, നവജാത ശിശുവിന്‍റെ ജീവൻ സംരക്ഷിക്കണം; പോക്സോ കേസിൽ ഹൈക്കോടതി 

By P R Praveena  |  First Published Feb 17, 2023, 11:09 AM IST

മാസം തികയും മുമ്പേ പ്രസവിപ്പിക്കാന്‍ ആരോഗ്യപരമായ മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും ഗർഭവുമായി മുന്നോട്ട് പോയാൽ അത് കുട്ടിയുടെ സാമൂഹിക മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കാമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. മാസം പൂർത്തിയാകാതെ പ്രസവിക്കുന്ന കുഞ്ഞ് ജീവിച്ചിരുന്നാൽ ആ കുഞ്ഞിന്‍റെ ഭാവി എന്താകുമെന്നതിൽ മെഡിക്കൽ ബോർഡിന്‍റെ ആശങ്കയും റിപ്പോർട്ടിൽ വ്യക്തമായിരുന്നു.


കൊച്ചി: പോക്സോ കേസിലെ ഇരയുടെ മാനസിക സാമൂഹിക ആഘാതം ഒഴിവാക്കാൻ മാസം തികയും മുമ്പേ പ്രസവിപ്പിച്ച് ഗർഭസ്ഥ ശിശുവിനെ  സംരക്ഷിക്കാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്. 29 ആഴ്ച പ്രായം കഴിഞ്ഞ ഗർഭം അലസിപ്പിക്കാൻ സമീപിച്ച പോക്സോ കേസിലാണ് ഹൈക്കോടതി നടപടി. മലപ്പുറം സ്വദേശിനിയുടെ ഹർജിയിലാണ് കേരള ഹൈക്കോടതി ഉത്തരവ്. എന്നാൽ ജനിച്ച്  39 മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞിന്‍റെ ശ്വാസകോശം വികസിക്കാത്ത അവസ്ഥയിലാണ് മരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 

17 വയസ് പൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന് ബന്ധുക്കൾ അറിയുന്നത് വളരെ വൈകിയാണ്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുമ്പോൾ തന്നെ ബന്ധുക്കൾ മാസം തികയും മുമ്പേ പ്രസവിപ്പിക്കാന്‍ ഹൈക്കോടതിയേയും സമീപിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഗർഭിണിയുടേയും ഗർഭസ്ഥ ശിശുവിന്‍റേയും ആരോഗ്യാവസ്ഥയും ഗർഭഛിദ്രത്തിനുള്ള സാധ്യതയും ആരാഞ്ഞ കോടതിക്ക് മുന്നിൽ സ്കാനിങ് അടക്കം ചെയ്ത ശേഷം കുട്ടിക്ക് 29 ആഴ്ച പിന്നിട്ട ഗർഭം ആണെന്നും മാസം തികയും മുമ്പേ പ്രസവിപ്പിക്കാന്‍ ആരോഗ്യപരമായ മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും ഗർഭവുമായി മുന്നോട്ട് പോയാൽ അത് കുട്ടിയുടെ സാമൂഹിക മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കാമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. മാസം പൂർത്തിയാകാതെ പ്രസവിക്കുന്ന കുഞ്ഞ് ജീവിച്ചിരുന്നാൽ ആ കുഞ്ഞിന്‍റെ ഭാവി എന്താകുമെന്നതിൽ മെഡിക്കൽ ബോർഡിന്‍റെ ആശങ്കയും റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 

Latest Videos

undefined

മെഡിക്കൽ ബോർഡ് അഭിപ്രായം പരിശോധിച്ച കോടതി അടിയന്തര ഗർഭഛിദ്രത്തിന് അനുമതി നൽകുകയായിരുന്നു. അതിനുശേഷം റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു . ഇതിനൊപ്പം ഉത്തരവിൽ ഹൈക്കോടതി ജഡ്ജി ഷാജി പി ചാലി ഒന്നു കൂടി ചേർത്തു. മാസം തികയും മുമ്പേ പ്രസവം നടന്നാലും ഗർഭസ്ഥ ശിശുവിന്‍റെ ജീവൻ രക്ഷിച്ച് ആരോഗ്യത്തോടെ കാക്കാൻ എല്ലാ വിധ ശ്രമം നടത്തണമെന്നതായിരുന്നു അത്. 

ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഈ മാസം 9ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 16കാരിയെ പ്രസവിപ്പിച്ചു .1.32 കിലോ ഭാരത്തിൽ കുഞ്ഞ് ജനിച്ചു. എന്നാൽ 39 മണിക്കൂറിന് ശേഷം ഹയാലിൻ മെമ്പ്രയിൻ ഡിസിസ് ബാധിച്ച് കുഞ്ഞ് മരിച്ചു. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാധാരണയായി സംഭവിക്കാവുന്നതാണ് ഹയാലിൻ മെമ്പ്രയിൻ ഡിസിസ്. ശ്വാസകോശത്തിന് വികസിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. എന്നാൽ ഇത് പ്രതിരോധിക്കാൻ മാസം തികയാതെ പ്രസവം ഉറപ്പാകുന്ന ഘട്ടത്തിൽ തന്നെ ഗർഭിണിക്ക് സ്റ്റിറോയ്ഡ് കുത്തിവയ്പ് നൽകുന്ന രീതി ഉണ്ട്. എന്നാൽ ഇവിടെ അത് ഉണ്ടായിട്ടില്ലെന്നാണ് സൂചന.
 
എന്നാൽ 34 ആഴ്ച മുതൽ മുകളിലേക്ക് പ്രായമായ ഗർഭസ്ഥ ശിശുക്കളിൽ മാത്രമേ ഈ കുത്തിവയ്പ് ഏതെങ്കിലും തരത്തിൽ പോസിറ്റീവ് ആയി ഫലം ഉണ്ടാകാൻ സാധ്യത ഉള്ളൂവെന്നും അതൊരു നിർബന്ധിത കുത്തിവയ്പ് അല്ലെന്നുമാണ് ശിശുരോഗ വിദഗ്ധർ പറയുന്നത്. മാത്രവുമല്ല 34 ആഴ്ചകൾക്കും മുന്നേ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അണുബാധ അടക്കം പലതരത്തിലുള്ള ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാനും ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു 

അതേസമയം പോക്സോ കേസ് ആയതിനാലും കോടതി ഉത്തരവ് ഉള്ളതിനാലും നവജാതശിശുവിനെ പോസ്റ്റുമോർട്ടം ചെയ്തിട്ടുണ്ട്. മരണകാരണമടക്കം കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കിയാകും ഹൈക്കോടതിയിൽ വിശദ റിപ്പോർട്ട് നൽകുക. ഇതിൽ നവജാത ശിശുവിന്‍റെ ആരോഗ്യാവസ്ഥ, മരണ കാരണം അടക്കം പറയുന്ന വിശദാംശങ്ങൾ നിർണായകമായേക്കാം. പ്രത്യേകിച്ച് മാസം തികയാതെ പ്രസവിപ്പിച്ചാലും നവജാത ശിശുവിന്‍റെ ജീവൻ സംരക്ഷിക്കാൻ പരമാവധി നടപടികൾ കൈക്കൊള്ളണമെന്ന കോടതി ഉത്തരവ് ഉണ്ടായിരുന്നതിനാൽ. നിലവിൽ പോക്സോ കേസ് അന്വേഷിക്കുന്നത് മലപ്പുറം ഡിവൈഎസ്പിയാണ്.

click me!