കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി ഒരു വർഷത്തിന് ശേഷം ഹൈക്കോടതി ഇന്ന് പരിഗണിക്കുമ്പോൾ പ്രതീക്ഷയിലാണ് തട്ടിപ്പിനിരയായ നിക്ഷേപകർ.
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ സി ബി ഐ വരുമോ? കഴിഞ്ഞ ദിവസങ്ങളിൽ കേരളം ചോദിക്കുന്ന ചോദ്യമാണ്. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനമാകും നിർണായകം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി ഒരു വർഷത്തിന് ശേഷം ഹൈക്കോടതി ഇന്ന് പരിഗണിക്കുമ്പോൾ പ്രതീക്ഷയിലാണ് തട്ടിപ്പിനിരയായ നിക്ഷേപകർ.
കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സി ബി ഐ അന്വേഷണം തേടിയുള്ള ഹർജി ഹൈക്കോടതി മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പരിഗണിക്കുന്നത്. 104 കോടിരൂപയുടെ നിക്ഷേപ തട്ടിപ്പ് സി പി എം ഉന്നത നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ സി ബി ഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ വർഷം ജൂലൈ 21 ന് മുൻ ജീവനക്കാരനായ എം വി സുരേഷ് നൽകിയ ഹർജിയിൽ സർക്കാരും ബാങ്കും സി ബി ഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈംബ്രാഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് സർക്കാർ വാദം. നിക്ഷേപർക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും മുഴുവൻ പ്രതികളും കേസിൽ പ്രതിയായില്ല. തട്ടിപ്പ് പണം കണ്ടെടുക്കാനുള്ള നടപടിയും ഇതുവരെ ആയിട്ടില്ല.
ഫിലോമിനയുടെ വീട്ടിലെത്തി സുരേഷ് ഗോപി, കരുവന്നൂര്‍ വിഷയം അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി
നിക്ഷേപകർ നൽകിയ രണ്ടാമതൊരു ഹർജി കൂടി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട് .ഈ ഹർജിയിൽ കാലാവധി പൂർത്തിയായ സ്ഥിരം നിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയെന്നും, സർക്കാറിന് ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്നും അറിയിക്കാൻ ജസ്റ്റിസ് ടി ആർ രവി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഹർജി പരിഗണിക്കുന്പോൾ സർക്കാറിന് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടിവരും.
ഒരു വർഷം മുമ്പ് തന്നെ 6 പേരെ പ്രതിയാക്കി എൻഫോഴ്സ്മെന്‍റടക്കം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം തുടങ്ങിയിരുന്നു. ഇരിങ്ങാലക്കുട പൊലീസ് എടുത്ത എഫ്ഐആർ അടിസ്ഥാനത്തിലായിരുന്നു അന്വഷണം. ബാങ്കിൽ കോടികളുടെ കള്ളപ്പണം ഉണ്ടെന്നും ഇവ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നുമായിരുന്നു ഇ ഡി വ്യക്തമാക്കിയത്. എന്നാൽ പ്രാഥമിക പരിശോധനയല്ലാതെ തുടർ നടപടികൾ ഇ ഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.
കരുവന്നൂർ തട്ടിപ്പിൽ പാർട്ടി നടപടി നേരിട്ടവർക്ക് മാത്രം ഉത്തരവാദിത്വമെന്ന് സിപിഎം
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാര്‍ട്ടി നടപടി നേരിട്ടവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്ന നിലപാടിലാണ് സി പി എം ജില്ലാ നേതൃത്വം. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രൻ തട്ടിപ്പുകള്‍ അറിഞ്ഞിട്ടും പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പറഞ്ഞു. മുന്‍മന്ത്രി എ.സി മൊയ്തീന്‍റെയും മുന്‍ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രന്‍റെയും ശുപാര്‍ശയിൽ അനര്‍ഹര്‍ക്കു പോലും കരുവന്നൂരിൽ വായ്പ നൽകിയെന്ന് ഒന്നാം പ്രതി സുനിൽ കുമാറിന്‍റെ അച്ഛന്‍റെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പാര്‍ട്ടി നടപടി നേരിട്ടവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്ന് ആവർത്തിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. നടപടി നേരിട്ടവര്‍പോലും 300 കോടിയിലധികം രൂപയുടെ വമ്പൻ തട്ടിപ്പിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും പാര്‍ട്ടി വാദിക്കുന്നു. എന്നാൽ തട്ടിപ്പിന് നേതൃത്വം നൽകിയത് മുന്‍ബാങ്ക് സെക്രട്ടറി സുനിൽകുമാറെന്ന വാദിക്കുകയാണ് സി കെ ചന്ദ്രൻ. സുനിലിനെ വിശ്വസിച്ചത് മാത്രമാണ് തന്‍റെ തെറ്റെന്നാണ് ചന്ദ്രൻ പറയുന്നത്.