വയനാട് ദുരന്തം നടന്ന് മാസങ്ങള്‍ പിന്നിടുമ്പോഴും പ്രത്യേക സാമ്പത്തിക സഹായം ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
കൊച്ചി: വലിയ ദുരന്തം നേരിടുന്ന വയനാട് ചൂരൽമലയെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണത്തിന് കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയപ്പോഴാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശം. വയനാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജിഎസ്ടിയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി ചർച്ച നടത്തി. കേന്ദ്ര ധനമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. വയനാട് സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കെ.വി. തോമസിന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
Read More.... കേരളത്തിന് 3430 കോടി, യുപിക്ക് 31962 കോടി, ബിഹാറിന് 17921 കോടി; സംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം നൽകി
കേരളത്തിന് ശേഷം പ്രകൃതി ദുരന്തം ഉണ്ടായ പല സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ലഭ്യമായിട്ടും കേരളത്തിന് ഇപ്പോഴും സഹായം ലഭിച്ചിട്ടില്ലെന്ന് കെ.വി. തോമസ് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര- കേരള മാനദണ്ഡങ്ങളിൽ ചില വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണ് ഈ കാലതാമസം എന്ന് കേന്ദ്രമന്ത്രി അറിയിച്ചു.