സംസ്ഥാനത്തെ അണക്കെട്ടുകളിൽ അതീവ ജാഗ്രത തുടരുന്നു; ജലനിരപ്പ് സാധാരണ നിലയിൽ

By Web Team  |  First Published Aug 3, 2022, 1:11 PM IST

ഇടുക്കി, മുല്ലപ്പെരിയാൾ ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ യോഗം ചേരുകയാണ്.  ഇടുക്കി ജില്ലാ കളക്ടറും, ഡാമുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്


ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിൽ അതീവ ജാഗ്രത തുടരുന്നു. വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല. ആറ് ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്. മംഗലം, മീങ്കര ഡാമുകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. ഇടുക്കിയിൽ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

ഇടുക്കി, മുല്ലപ്പെരിയാൾ ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ യോഗം ചേരുകയാണ്.  ഇടുക്കി ജില്ലാ കളക്ടറും, ഡാമുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.  ഗായത്രി,നെയ്യാർ, മണിമല, കരമന ആറുകളിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. പമ്പ, അച്ചൻകോവിൽ, തൊടുപുഴ, മീനച്ചിൽ എന്നീ നദികളിലും ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നുണ്ട് . 

Latest Videos

ഡാമുകളിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്‍ണൻ കുട്ടി പറഞ്ഞു. മഴ തുടർന്നാലും സ്ഥിതി നിയന്ത്രിക്കാനാവും. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു. 

മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 150 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 4398 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. 1346 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചത്.  തൃശ്ശൂരിൽ 36 ക്യാമ്പുകളും, കോട്ടയത്ത് 28 ക്യാമ്പുകളും തുറന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. നദികളിൽ ജലനിരപ്പ് കുറഞ്ഞങ്കിലും വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. തിരുവല്ല താലൂക്കിലാണ് കൂടുതൽ വീടുകളിൽ വെള്ളം കയറിയത്. ജില്ലയിലെ ദുരിതബാധിത മേഖലകൾ  റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചു. 

മഴയുടെ തീവ്രത കുറഞ്ഞതോടെ സംസ്ഥാനത്ത് റെഡ് അലർട്ടുകൾ പൂർണമായി പിൻവലിച്ചു. 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട മുതൽ കാസർകോട് വരെ നാളെയും ഓറഞ്ച് അലർട്ടാണ്. 

 

 


 

tags
click me!