ഹേമ കമ്മിറ്റി റിപ്പോ‍‍ർട്ട്; അന്വേഷണ ഉദ്യോഗസ്ഥർക്ക് സാക്ഷി മൊഴികൾ നൽകിയത് പല ഭാഗങ്ങളിലായി, ഇന്ന് നിർണായക യോഗം

By Web Team  |  First Published Sep 18, 2024, 8:56 AM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യം നിലനിൽക്കവെയാണ് ഇന്ന് പ്രത്യേക അന്വേഷണ സംഘം യോഗം ചേരുന്നത്. 


തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ നൽകിയ സാക്ഷി മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത് പല ഭാഗങ്ങളിലായി. സാക്ഷി മൊഴികൾ മുഴുവനായി ആർക്കും നൽകിയില്ല. ഓരോ ഭാഗങ്ങളും ഓരോ ഉദ്യോഗസ്ഥർ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കിയ ഭാഗങ്ങൾ മുഴുവനായി എല്ലാവർക്കും നൽകിയിട്ടുണ്ട്. സാക്ഷി മൊഴികളുടെ പകർപ്പ് അന്വേഷണ സംഘാം​ഗങ്ങൾ ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറണം. ആരും പകർപ്പെടുക്കരുതെന്നും നിർദ്ദേശമുണ്ട്. 

റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നത് പൊലിസിൽ നിന്നല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നി​ഗമനം. പൊലിസിന് റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയുണ്ടായ ചോർച്ച അന്വേഷിക്കേണ്ടതാണെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സർക്കാരിന് സമർപ്പിക്കാനുള്ള ആക്ഷൻ ടേക്കൺ റിപ്പോർട്ടിന് യോ​ഗം രൂപം നൽകും. ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് സർക്കാ‍‍ർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചെങ്കിലും റിപ്പോർട്ടിൻമേൽ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്ന ചോദ്യമാണ് വ്യാപകമായി ഉയർന്നത്. പരാതിയുമായി ആരെങ്കിലും മുന്നോട്ട് വന്നാൽ കേസ് രജിസ്റ്റ‍ർ ചെയ്യും എന്നതായിരുന്നു സർക്കാർ നിലപാട്. 

Latest Videos

ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടുകയും റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനും നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് അടുത്തിടെ സാസ്കാരിക സെക്രട്ടറി ക്രൈം ബ്രാഞ്ച് മേധാവിയ്ക്ക് മുഴുവൻ റിപ്പോർട്ടും കൈമാറിയത്. ഈ റിപ്പോർട്ടിൽ വിവാരാവകാശ നിയമത്തിന്റെ പരിധിയിൽ പെടാതെ മാറ്റിവെച്ചിരുന്ന ചില പകർപ്പുകൾ പ്രത്യേക അന്വേഷണ സംഘാം​ഗങ്ങൾക്ക് ക്രൈം ബ്രാഞ്ച് മേധാവി നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം അന്വേഷണ സംഘം ആക്ഷൻ ടേക്കൺ റിപ്പോ‍ർട്ട് തയ്യാറാക്കി സ‍ർക്കാരിന് സമ‍ർപ്പിക്കുകയും ഇതിൻമേൽ സർക്കാർ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് അടുത്ത മാസം അറിയിക്കുകയും ചെയ്യണമെന്നാണ് കോടതി നിർദ്ദേശം.

READ MORE: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി അമേരിക്കയിലേയ്ക്ക്; കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്

click me!