ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പുറത്തുവന്നത് ലൈംഗിക ചൂഷണമടക്കം ഞെട്ടിക്കുന്ന കഥകൾ

By Web Team  |  First Published Aug 19, 2024, 2:38 PM IST

വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവർക്കാണ് റിപ്പോ‍ർട്ട് നൽകിയത്. ഏഷ്യാനെറ്റ് ന്യൂസിന് റിപ്പോ‍ർട്ട് ലഭിച്ചു


തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച ഏഷ്യാനെറ്റ് ന്യൂസ് അടക്കം എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോ‍ർട്ട് പറയുന്നത്. 

അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവ‍ർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.

Latest Videos

undefined

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമ‍ർശനം. മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന്  മൊഴി കിട്ടി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പോലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ കാരണമാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ  സൈബർ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

Read more: 'യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം

മലയാള സിനിമ ചിലരുടെ കൈകളിലാണെന്നും റിപ്പോർട്ട് പറയുന്നു. ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങൾ ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ എന്തിനും വഴങ്ങുമെന്ന പൊതു കാഴ്ചപ്പാട് സിനിമാ രംഗത്തുണ്ട്. സിനിമയിലേക്ക് സ്ത്രീകൾ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്നാണ് പ്രചാരണം. നടിമാർ പണം ഉണ്ടാക്കാൻ വരുന്നവർ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. പ്രശ്നക്കാരിയെന്ന് തോന്നിയാല്‍ ഈ താരങ്ങളെ പിന്നീട് സിനിമയിലേക്ക് വിളിക്കില്ലെന്നും റിപ്പോർട്ട് പറയുന്നു.

അഭിനയത്തോട് അഭിനിവേശമുള്ള പലരും അതിക്രമങ്ങള്‍ നിശബ്‌ദമായി സഹിച്ചു. അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതിക്രമം നടത്തിയ ആളിനൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കണ്ടി വന്നുവെന്നും അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവർക്ക് 17 റീടേക്ക് പോകേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന്‍റെ പേരിൽ സംവിധായകൻ ശകാരിച്ചുവെന്നും മൊഴിയിൽ പറയുന്നു.

സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും വിമർശനമുണ്ട്. പരാതിപ്പെട്ടാൽ താൻ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാൾ മൊഴി നൽകി. കാരവൻ സൗകര്യങ്ങൾ നായകനും നായികക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. ജൂനിയർ ആർടിസ്റ്റുകൾ പ്രശ്നങ്ങൾ തുറന്ന് പറയാൻ പോലും പേടിച്ചു. മലയാളം സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിർമ്മാതകളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

Read more: 'അനുവാദമില്ലാതെ നടിയുടെ നഗ്നത ഷൂട്ട് ചെയ്തു, സീൻ ഒഴിവാക്കാൻ വഴങ്ങിക്കൊടുക്കാൻ പറഞ്ഞു'; ഹേമകമ്മിറ്റി

നടിമാരുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമ‍ർശനം. ഷൂട്ടിങ് സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയാണ്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍  വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണം. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സർക്കാ‍ർ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നാലര വർഷം മുൻപ് നിർദ്ദേശിച്ചിട്ടുണ്ട്. 

ജൂനിയർ ആർട്ടിസ്റ്റിൻ്റെ ജോലിക്ക് സമയപരിധി ഇല്ലെന്നാണ് മറ്റൊരു വിവരം. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ജോലി പുലർച്ചെ 2 മണി വരെ ജോലി നീളുന്നു. കാര്യമായ  തുകയും പ്രതിഫലമായി നൽകില്ല. അഭിനയിക്കാനെത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ തികഞ്ഞ അവഗണന നേരിടുന്നു. രാത്രി വൈകിയാൽ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ആരുമില്ല. കിടന്നുറങ്ങാൻ പോലും സ്ഥലം നൽകുന്നില്ല. മിക്ക സെറ്റുകളിലും ജൂനിയർ ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ല. ടോയ്‌ലറ്റ് ഉള്ള സ്ഥലത്ത് ഒറ്റയ്ക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സ്ഥിതി ഭയാനകമാണെന്നും റിപ്പോർട്ടിലുണ്ട്.

Read more: 'പരാതിപ്പെടുന്നവര്‍ സിനിമയില്‍ കാണില്ല, ലൈംഗികമായി വഴങ്ങുന്നവര്‍ക്ക് നല്ല ഭക്ഷണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!