'കറുപ്പിന്' മൊത്തത്തിൽ വിലക്ക്? മാസ്കിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡറുകളെയും കസ്റ്റഡിയിലെടുത്തു

By Web Team  |  First Published Jun 11, 2022, 4:44 PM IST

രണ്ട് പേരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി സ്ഥലത്ത് നിന്ന് നീക്കി. മെട്രോയില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പൊലീസ് നടപടിയെന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ പ്രതികരിച്ചു.


കൊച്ചി: കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടി നടക്കുന്ന വേദി കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ഡെന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി സ്ഥലത്ത് നിന്ന് നീക്കി. മെട്രോയില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പൊലീസ് നടപടിയെന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ പ്രതികരിച്ചു. പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമാണ് കൊച്ചിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.  

കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിർദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ്  ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊച്ചിയിൽ കറുത്ത മാസ്ക് ധരിച്ചെത്തുന്ന മാധ്യമപ്രവർത്തകരോട് മാസ്ക് മാറ്റണമെന്ന് ആവശ്യം. പൊതുവായ സർജിക്കൽ മാസ്ക് സംഘാടകർ തന്നെ വിതരണം ചെയ്യുകയാണ്. പൊതു പ്രോട്ടോക്കോൾ പാലിക്കണം എന്നായിരുന്നു ആവശ്യ൦. എന്നാല്‍, സ൦ഭവ൦ വാ൪ത്തയായതോടെ ഈ നി൪ദ്ദേശ൦ പിൻവലിച്ചു. 

Latest Videos

Also Read: 'ബിജെപി അണിയറയിലും കോൺഗ്രസ് അരങ്ങത്തും ആടിക്കൊണ്ടിരിക്കുന്നു', എംവി ജയരാജൻ

മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വലഞ്ഞ് ജനം

കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയിൽ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നേകാൽ മണിക്കൂർ മുമ്പ് പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പില്ലാതെ വാഹനം തടഞ്ഞത് ജനത്തെ വലച്ചു. മുന്നൂറിലേറെ പൊലീസുകാരെ നഗരത്തിന് പുറത്തു നിന്നെത്തിച്ച് വരെ സുരക്ഷ ഏർപ്പെടുത്തിയിട്ടും രണ്ട് തവണ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു.

ഇന്നലെ രാത്രി മുഖ്യമന്ത്രി എത്തിയത് മുതല്‍ പൊലീസ് വലയത്തിലായിരുന്നു നാട്ടകത്തെ സര്‍ക്കാര്‍ അതിഥി മന്ദിരം. മന്ത്രി വി.എന്‍.വാസവനും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്കും ചില സിപിഎം നേതാക്കള്‍ക്കും മാത്രമാണ് അകത്തേക്ക് പ്രവേശനം അനുവദിച്ചത്. രാവിലെ അതിഥി മന്ദിരത്തിനു മുന്നിലെത്തിയ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരോട് കറുത്ത മാസ്ക് പോലും മാറ്റണമെന്നും ആവശ്യപ്പെട്ടു പൊലീസ്. നാട്ടകത്തു നിന്ന് നഗരമധ്യത്തിലെ മാമന്‍ മാപ്പിളള ഹാളിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്ന വഴിയില്‍ ഓരോ ഇരുപത് മീറ്റര്‍ ഇടവിട്ടും പൊലീസുകാര്‍ നിലയുറപ്പിച്ചു. ബസേലിയോസ് ജംഗ്ഷനും ,ചന്തക്കവലയും,കലക്ടറേറ്റ് ജംഗ്ഷനും ഉള്‍പ്പെടെ കെകെ റോഡിലെ പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പൊന്നും ഇല്ലാതെ പൊലീസ് ബാരിക്കേഡ് കെട്ടി വാഹനം തടഞ്ഞു. ഊരിപ്പിടിച്ച വാളു പോയിട്ട് ഊന്നു വടി പോലും ഇല്ലാതെ വെറും കയ്യോടെ നടന്നു വന്ന സാധാരണക്കാരെ പോലും തടഞ്ഞാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പൊലീസ് വഴിയൊരുക്കിയത്.

കെജിഒഎ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്തി ഒരു മണിക്കൂറിനു മുമ്പേ ഹാളില്‍ കയറണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു. പഴുതടച്ച സുരക്ഷാ വിന്യാസത്തിനിടയിലും വന്നവഴി മണിപ്പുഴയില്‍ യുവമോര്‍ച്ചക്കാര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശി. പത്തിലേറെ വാഹനങ്ങളുടെ അകമ്പടിയില്‍ സമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പ്രവേശിച്ചിട്ടും റോഡ് തുറന്നില്ല. പൊലീസ് .പതിനൊന്നേ മുക്കാലിന് മുഖ്യമന്ത്രി മടങ്ങിയ ശേഷം മാത്രമായിരുന്നു മാമ്മന്‍ മാപ്പിള ഹാളിനു സമീപത്തെ റോഡുകള്‍ തുറന്നത്. മടങ്ങും വഴി നാഗമ്പടത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

click me!