കേരളത്തിലെ പെരുമഴ പഞ്ചാബിന് രക്ഷയായി, ഇരു സംസ്ഥാനങ്ങളും വൈദ്യുതി കരാറൊപ്പിട്ടു; ഇന്നുമുതൽ 150 മെഗാവാട്ട് നൽകും

By Web Team  |  First Published May 25, 2024, 12:16 AM IST

അടുത്തവർഷം ഏപ്രിലിൽ പഞ്ചാബ് ഇതിന്‍റെ അഞ്ച് ശതമാനം അധികം വൈദ്യുതി കേരളത്തിന് തിരികെ നൽകും


തിരുവനന്തപുരം: കേരളത്തിൽ അപ്രതീക്ഷിതമായി അതിശക്തമായ പെരുമഴ കൊടും ചൂടിൽ വലയുന്ന പഞ്ചാബിന് രക്ഷയായി. വേനൽ മഴ അതിശക്തമായതോടെ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായതിനാൽ കെ എസ് ഇ ബി മുൻ കരുതലിലൂടെ ടെൻഡർ വഴി ആർജ്ജിച്ച വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷന് നൽകാൻ തീരുമാനമായി. വൈദ്യുതി കൈമാറുന്നത് സംബന്ധിച്ച് കേരളവും പഞ്ചാബും തമ്മിൽ കരാർ ഒപ്പിച്ചു. ഇന്ന് മുതൽ 31 വരെ 6 ദിവസം കേരളം പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷന് വൈദ്യുതി നൽകാനാണ് തീരുമാനം. പുലർച്ചെ മൂന്നു മുതൽ വൈകിട്ട് ആറു വരെ 150  മെഗാവാട്ട് വൈദ്യുതിയാണ് നൽകുക. ഇങ്ങനെ നൽകുന്ന വൈദ്യുതി അടുത്തവർഷം ഏപ്രിലിൽ പഞ്ചാബ് കേരളത്തിന് തിരികെ നൽകും. കേരളം നൽകുന്ന വൈദ്യുതിക്ക് അഞ്ച് ശതമാനം അധികം വൈദ്യുതി പഞ്ചാബ് നൽകും. വേനൽ മഴ പെയ്തതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം കുറഞ്ഞതാണ് ഗുണമായത്.

മഴ അറിയിപ്പിൽ മാറ്റം, തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, അതിശക്ത മഴ സാധ്യത 8 ജില്ലയിലേക്ക് നീട്ടി

Latest Videos

കരാർ സംബന്ധിച്ച അറിയിപ്പ് ഇപ്രകാരം

പൊടുന്നനെയുണ്ടായ വേനൽ മഴയെത്തുടർന്ന് ഉപയോഗത്തിൽ കുറവുണ്ടായതിനാൽ, കെ എസ് ഇ ബി മുൻ കരുതലിലൂടെ ടെൻഡർ വഴി ആർജ്ജിച്ച വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷന് നൽകാൻ തീരുമാനമായി. ഇത് സംബന്ധിച്ച് ഇരുസ്ഥാപനങ്ങളും കൈമാറ്റ കരാറിലേർപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇന്നുമുതൽ (24.05.2023) മേയ് മാസം 31 വരെയുള്ള 6 ദിവസമാണ് കേരളം പഞ്ചാബിന് വൈദ്യുതി നൽകുക. 24 മണിക്കൂറും 300 മെഗാവാട്ടും പുലർച്ചെ 3 മുതൽ വൈകീട്ട് 6 വരെ 150 മെഗാവാട്ടുമാണ് നൽകുന്നത്. ഇങ്ങനെ കൊടുക്കുന്ന വൈദ്യുതി കേരളത്തിന് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന ഏപ്രിൽ മാസത്തിൽ (2025 ഏപ്രിൽ) കെ എസ് ഇബിക്ക് തിരികെ നൽകുമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം ചെയ്യുന്നത്. കേരളം നൽകുന്ന വൈദ്യുതിക്ക് 5% അധികമായി പഞ്ചാബ് തിരികെ നൽകും.

കേരളത്തിന് കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന രാത്രി 8 മുതൽ പുലർച്ചെ 2 വരെ 155 മെഗാവാട്ടും പുലർച്ചെ 2 മുതൽ രാത്രി 8 വരെ 95 മെഗാവാട്ടുമാണ് പഞ്ചാബ് തിരികെ നൽകുക. 2025 ഏപ്രിൽ 1 മുതൽ 30 വരെയുള്ള കാലയളവിൽ വൈദ്യുതി തിരികെ ലഭിക്കും.

വേനൽ കാലത്തിൻറെ തുടക്കത്തിൽ ലഭ്യമായ കാലാവസ്ഥ പ്രവചനത്തിൽ  മെയ് മാസത്തിൽ നേരിയതോതി മഴ ലഭിക്കുമെന്നും  അതിനുശേഷം ജൂൺ 17 മുതൽ മാത്രം മെച്ചപ്പെട്ട  മഴ ലഭിക്കുകയുള്ളൂ എന്നാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ മെയ് മാസത്തെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി വിവിധ കരാറുകളിൽ കെഎസ്ഇബി ഏർപ്പെട്ടിരുന്നു. കൂടാതെ 22.04.2024 ലെ കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് വൈദ്യുതിയുടെ ആവശ്യകത വർദ്ധിക്കുമെന്നും കമ്പോളത്തിലെ വൈദ്യുതിയുടെ വില വൻ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്ന എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നും കർശനമായ നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ കാലാവസ്ഥ പ്രവചനങ്ങൾക്ക് അതീതമായി മെയ് മാസത്തെ ആദ്യ ആഴ്ചയ്ത് ശേഷം സംസ്ഥാനത്തുടനീളം വ്യാപകമായ രീതിയിൽ വേനൽ മഴ ഉണ്ടാവുകയും വൈദ്യുതിയുടെ ആവശ്യകതയിൽ 2000 മെഗാവാട്ട് കുറവ് രേഖപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വൈദ്യുതി കൈമാറ്റ കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!