ഈ അഞ്ച് ദിവസം കൊണ്ട് മൊത്തം ലഭിച്ചത് 162 മില്ലി മീറ്റർ മഴയാണെന്നാണ് കണക്കുകൾ പറയുന്നത്. സാധാരണ ഗതിയിൽ 44 മി മീ മഴ ലഭിക്കേണ്ടിടത്താണ് 162 മി മീ മഴ ലഭിച്ചത്
തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെയ്തത് ഓഗസ്റ്റ് മാസത്തിൽ മൊത്തം പെയ്ത മഴയുടെ ഏകദേശം മൂന്നിരട്ടിയോളം. കാലവർഷമാകെ നിരാശപ്പെടുത്തിയ മഴ, പക്ഷേ കാലവർഷം അവസാനിക്കുന്ന ദിവസങ്ങളിൽ ശക്തമാകുകയായിരുന്നു. ഇത് തുലാവർഷത്തിന്‍റെ തുടക്കത്തിൽ പെരുമഴയായി മാറി. ഇരട്ടന്യൂനമർദ്ദങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്. അറബികടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലായി രൂപപ്പെട്ട ഇരട്ട ന്യുനമർദ്ദങ്ങളുടെ ഫലമായാണ് കേരളത്തിൽ കഴിഞ്ഞ 5 ദിവസം പെരുമഴ പെയ്തത്. ഈ അഞ്ച് ദിവസം കൊണ്ട് മൊത്തം ലഭിച്ചത് 162 മില്ലി മീറ്റർ മഴയാണെന്നാണ് കണക്കുകൾ പറയുന്നത്. സാധാരണ ഗതിയിൽ 44 മി മീ മഴ ലഭിക്കേണ്ടിടത്താണ് 162 മി മീ മഴ ലഭിച്ചത്. അതായത് ഏകദേശം നാലിരട്ടി മഴയാണ് ഈ അഞ്ച് ദിവസത്തിൽ കേരളത്തിൽ അനുഭവപ്പെട്ടത്.
അറബികടലിലെ തീവ്ര ന്യൂനമർദ്ദം കരതൊട്ടതോടെ കനത്തമഴ; 3 ജില്ലകളിൽ മഴ ശക്തം
കാലവർഷം ശക്തമാകാറുള്ള ഓഗസ്റ്റ് മാസത്തിൽ ലഭിച്ച മഴയുടെ ഏകദേശം മുന്നിരട്ടി മഴ ഈ അഞ്ച് ദിവസത്തിൽ ലഭിച്ചു എന്നതാണ് മറ്റൊരുകാര്യം. ഓഗസ്റ്റ് മാസത്തിലെ 30 ദിവസങ്ങളിലുമായി മൊത്തം ലഭിച്ചത് 60 മി മീ മഴയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് മാത്രം 162 മില്ലി മീറ്റർ മഴ ലഭിച്ചു എന്നതാണ് കണക്ക്. ഈ അഞ്ച് ദിവസത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് എറണാകുളം ജില്ലയിലായിരുന്നു. എറണാകുളം ജില്ലയിൽ മാത്രം 228 മില്ലി മീറ്റർ മഴയാണ് ഈ ദിവസങ്ങളിൽ ലഭിച്ചത്. രണ്ടാം സ്ഥാനത്ത് കോട്ടയം ജില്ലയാണ്. കോട്ടയത്ത് 225 മി മീ മഴയാണ് ഈ ദിവസങ്ങളിൽ ലഭിച്ചത്. ആലപ്പുഴയിലും കാര്യമായി മഴ ലഭിച്ചെന്നാണ് കണക്ക്. ആലപ്പുഴയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിൽ ലഭിച്ചത് 210 മി മീ മഴയാണ്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് പാലക്കാട് ജില്ലകളിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം