സംസ്ഥാനത്ത് മഴ കനത്തു: രണ്ട് മരണം, ഉള്‍വനങ്ങളില്‍ ഉരുള്‍പൊട്ടിയതായി സൂചന, ജാഗ്രത

By Web Team  |  First Published Jul 31, 2022, 10:23 PM IST

ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടിയതായി സംശയമുണ്ട്. മൂന്നുങ്കവയൽ, മണപ്പാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളകയറിക്കൊണ്ടിരിക്കുന്നു. 


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. ശക്തമായ മഴയിൽ പലയിടത്തും ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേ‍ർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദ് എന്ന യുവാവാണ് മരിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ടാണ് കുമാരന്‍ മരിച്ചത്. ഇയാള്‍ക്ക് ഒപ്പുണ്ടായിരുന്ന ഈ റോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പത്തനംതിട്ട കൊല്ലമുളയില്‍ ഒഴുക്കിൽപ്പെട്ടാണ്  അദ്വൈദ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. കൊക്കാത്തോട് നെല്ലിക്കാപ്പാറയിൽ തോട് കരവിഞ്ഞതിനെ തുടർന്ന ഒഴുകിപ്പോയ കാറിനെ വടം കെട്ടി നി‍ർത്തി ഡ്രൈവറെ രക്ഷിച്ചു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് അച്ചൻകോവിലിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേ‍‍ർപ്പെടുത്തി. കോട്ടയം വാകക്കാട് രണ്ടാറ്റുമുന്നിയിൽ പാലം വെള്ളത്തിനടിയിലായി. മൂന്നിലവ് ടൗൺ വെള്ളത്തിനടിയിലായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. 

Latest Videos

ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടിയതായി സംശയമുണ്ട്. മൂന്നുങ്കവയൽ, മണപ്പാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളകയറിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരം കല്ലാ‍ർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ചു. ഇവ‍ർ സഞ്ചരിച്ച വാഹനങ്ങൾ നദിയുടെ അക്കരെ കുടുങ്ങി. വിതുരയിൽ മങ്കയം കരകവിഞ്ഞ് വീടുകൾ വെള്ളത്തിനടിയിലായി. ജില്ലയിലെ കല്ലാ‍ർ,പൊൻമുടി, മങ്കയം  ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒരറിയിപ്പ് വരും വരെ അടച്ചു. നെയ്യാ‍ര്‍ ഡാമിന്‍റെ ഷട്ടർ ഉയർത്തിയതിനാൽ തീരദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെയും സ്പിൽവേ ഷട്ടറുകൾ ഉയ‍ര്‍ത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പ്. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം.

click me!