ശനിയാഴ്ച മുതൽ മഴ കനക്കും; ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ശക്തമായ കാറ്റിനും കള്ളക്കടലിനും സാധ്യത

By Web TeamFirst Published Sep 27, 2024, 1:04 AM IST
Highlights

തിങ്കളാഴ്ച വരെ തെക്കുപടിഞ്ഞാറൻ അറബിക്കടലിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിമി വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ വിവധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  

ഇന്ന്  സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 28 മുതൽ 30 വരെ തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതൽ 28/09/2024 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും  അറിയിച്ചു. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

Latest Videos

തിങ്കളാഴ്ച വരെ തെക്കുപടിഞ്ഞാറൻ അറബിക്കടലിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശനിയാഴ്ച വരെ ഗൾഫ് ഓഫ് മാന്നാർ, തമിഴ് നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.  

കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും  മൽസ്യബന്ധന യാനങ്ങൾ  ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

Read More : 'ഒറ്റുകാരുടെ ചതി പ്രയോഗങ്ങളിലും കടന്നലാക്രമണങ്ങളിലും പതറില്ല, അൻവർ തെരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ചു,'; പി ജയരാജൻ

click me!