ശസ്ത്രക്രിയക്ക് ശേഷം വേദനയും രക്തസ്രാവവും, ഡോക്ടർ അവഗണിച്ചു; കാരണം കണ്ടെത്തിയ ആശുപത്രി രേഖകളിൽ അത് കാണാനുമില്ല

By Web Team  |  First Published Jun 2, 2024, 3:36 AM IST

തിരുവനന്തപുരം വട്ടപ്പാറ എസ്‍യുടി ആശുപത്രിയിലെ ഗൈനക്കോളജി മേധാവി ഡോ.ബി.ലൈല, എസ്എടി ആശുപത്രിയിലെ യൂണിറ്റ് ഹെഡ് ഡോ.അജിത് എന്നിവർക്കെതിരെയാണ് പരാതി.


തിരുവനന്തപുരം: ശസ്ത്രക്രിയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചെന്നും മറ്റൊരു ആശുപത്രിയുടെ ചികിത്സാ റിപ്പോർട്ടിൽ നിന്ന് ഇക്കാര്യം മറച്ചുവെച്ചെന്നും പരാതി. തിരുവനന്തപുരം എസ്‍യുടി ആശുപത്രിക്കെതിരെയാണ് വെഞ്ഞാറമൂട് സ്വദേശിനി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്. അമിത രക്തസ്രാവത്തോടെ പലതവണ ചികിത്സ തേടിയെങ്കിലും ഒന്നും ചെയ്യാതെ തിരിച്ചയച്ചെന്നാണ് പരാതി. പഞ്ഞി നീക്കം ചെയ്ത തിരുവനന്തപുരം എസ്എടി ആശുപത്രി ഇക്കാര്യം മറച്ചുവച്ചെന്നുമാണ് ആരോപണം.

തിരുവനന്തപുരം വട്ടപ്പാറ എസ്‍യുടി ആശുപത്രിയിലെ ഗൈനക്കോളജി മേധാവി ഡോ.ബി.ലൈല, എസ്എടി ആശുപത്രിയിലെ യൂണിറ്റ് ഹെഡ് ഡോ.അജിത് എന്നിവർക്കെതിരെയാണ് പരാതി. വെഞ്ഞാറമൂട് സ്വദേശിയായ 38കാരി വേണി ബോസാണ് പരാതി നൽകിയത്. 2023 ജൂൺ 13ന് എസ്‍യുടി ആശുപത്രിയിയിൽ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയ്ക്ക് വേണി വിധേയയായിരുന്നു.

Latest Videos

ഡിസ്ചാർജ്ജിന് പിന്നാലെ അമിത രക്തസ്രാവവും വേദനയും തുടങ്ങി. ശസ്ത്രക്രിയ നടത്തിയ ഡോ.ലൈലയെ പിന്നീട് പലതവണ കണ്ടെങ്കിലും സാധാരണ രക്തസ്രാവമമെന്ന് പറഞ്ഞ് മടക്കി അയച്ചെന്നാണ് വേണി പറയുന്നത്. വേദന കടുത്തതോടെ ആഗസ്റ്റ് മാസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സ തേടി. സ്കാനിംഗിൽ വയറിനുള്ളിൽ അന്യവസ്തു ഉണ്ടെന്ന് കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി.

എന്നാൽ എസ്എടി ആശുപത്രിയിലെ കേസ് ഷീറ്റിൽ വയറ്റിനുള്ളിൽ നിന്ന് സർജിക്കൽ മോപ്പ് നീക്കിയെന്ന് കണ്ടതോടെയാണ് സംശയം തുടങ്ങിയത്. കേസ് ഷിറ്റിൽ സർജിക്കൽ മോപ്പ് കണ്ടെത്തിയെന്ന് ഉണ്ടെങ്കിലും ഡിസ്ചാർജ്ജ് സമ്മറിയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാനും ഡോക്ടർമാർ തയ്യാറായില്ലെന്നാണ് പരാതി.

കടുത്ത പഴുപ്പും അമിത രക്തസ്രാവവും കാരണം അപകടനിലയായിരുന്നു വേണി. ഗുരുതരമായ ചികിത്സാ പിഴവ് വരുത്തിയതിനും അതു മറച്ചുവച്ചതിനും ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പൊലീസിനും ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് ഡോ.ലൈലയുടെ മറുപടി. പരാതിയെപ്പറ്റി അറിയില്ലെന്നാണ് ഡോ.അജിത് പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!