സ്വന്തമായി ശ്വസിക്കാനായതോടെ ആറ് ദിവസത്തിന് ശേഷം ഉമ തോമസ്സിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി
കൊച്ചി: കൊച്ചിയിലെ ഗിന്നസ് നൃത്തപരിപാടിയുടെ ഉദ്ഘാടനവേദിയിൽ നടന്ന അപകടത്തിൽ വീണ് പരിക്കേറ്റ ഉമാ തോമസ് എം എൽ എയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെനന ആശ്വാസ വാർത്തയാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്നത്. സ്വന്തമായി ശ്വസിക്കാനായതോടെ ആറ് ദിവസത്തിന് ശേഷം ഉമ തോമസ്സിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. അപകടനില പൂർണ്ണമായി തരണം ചെയ്തിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ പരിക്കിൽ ഡോക്ടർമാർ തൃപ്തി രേഖപ്പെടുത്തിയത് വലിയ ആശ്വാസമാണ്.
ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണ് ഉമ തോമസ് നൽകുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഓർമകൾക്ക് മാറ്റമില്ലെന്നതും വലിയ ആശ്വാസമാണ് ഏവർക്കും പകരുന്നത്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് തൃക്കാക്കര എം എൽ എ എന്നാണ് മെഡിക്കൽ സംഘം പറയുന്നത്. തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ? ഉണ്ടെങ്കിൽ അത് എങ്ങനെയാണ് എന്നതൊക്കെ പൂർണ്ണമായി മനസിലാക്കാൻ സമയമെടുക്കുമെന്നും മെഡിക്കൽ സംഘം വിവരിച്ചു. ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ തുടരുന്നുണ്ട്. സമയം എടുത്തെങ്കിലും സാധാരണ ജീവിതത്തിലേക്ക് ആരോഗ്യത്തോടെ ഉമ തോമസ് മടങ്ങി വരുമെന്നാണ് നിലവിലെ സൂചനകളിൽ നിന്നും മെഡിക്കൽ സംഘം നൽകുന്ന പ്രതീക്ഷ.
'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും' ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന് ഉമാ തോമസ് മക്കൾക്ക് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതി നൽകിയ കുറിപ്പിലൂടെ, താൻ ജീവിതത്തിലേക്ക് വൈകാതെ മടങ്ങിയെത്തുമെന്ന പ്രതീക്ഷ കൂടിയാണ് കേരളത്തിന് ഉമ തോമസ് നൽകിയത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി വാടകവീട്ടിൽ നിന്നും പൈപ്പ് ലൈൻ റോഡിലെ സ്വന്തം വിട്ടീലേക്ക് മടങ്ങാനുള്ള നിർദ്ദേശമാണ് മക്കൾക്ക് ഈ കുറിപ്പിലൂടെ ഉമ തോമസ് നൽകിയത്. ഫിസിയോ ചികിത്സയിലും ഡോക്ടർമാരുടെ നിർദ്ദേശത്തിലും മികച്ച പ്രതികരമാണ് ഉമ തോമസ് ഇതിലൂടെ നൽകിയതെന്നാണ് വിലയിരുത്തൽ. കഠിനമായ വേദനയിലും കൈയ്യും കാലും അനക്കാനും മക്കളോടും ഡോക്ടർമാരോടും സംസാരിക്കാനും ഉമ തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വിവരം. ശ്വാസകോശത്തിന് പുറത്തുണ്ടായ നീർക്കെട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്കയായത്. എന്നാൽ ഈ പരിക്ക് ഗുരുതരമാകാത്തത് ആശ്വാസമായിട്ടുണ്ട്. ഇതോടെയാണ് ആറ് ദിവസങ്ങൾക്ക് ശേഷം ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. എത്രയും വേഗം ഐ സി യുവിൽ നിന്ന് ഉമ, ജീവിതത്തിലേക്ക് മടങ്ങിയെത്തണമെന്ന പ്രാർത്ഥനിയിലാണ് കേരളം.
\ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം