വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വർക്കല പാറയിൽക്കാവിന് സമീപം താമസിക്കുന്ന അനിൽകുമാറിനെയാണ് സഹോദരൻ ശ്രീജിത് തലയ്ക്കും കാലിനും വെട്ടിപ്പരിക്കേൽപിച്ചത്.
തിരുവനന്തപുരം: വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വർക്കല പാറയിൽക്കാവിന് സമീപം താമസിക്കുന്ന അനിൽകുമാറിനെയാണ് സഹോദരൻ ശ്രീജിത് തലയ്ക്കും കാലിനും വെട്ടിപ്പരിക്കേൽപിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിന്റെ മുറിക്കുള്ളിലേക്ക് അനിൽകുമാർ മണ്ണെണ്ണ പോലെയുള്ള ദ്രാവകം ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നു പിടിക്കുന്നത് കണ്ട് ഇവരുടെ അമ്മ വേഗത്തിൽ വെള്ളമൊഴിച്ച് കെടുത്തി ശ്രീജിത്തിനെ വിളിച്ചെഴുന്നേൽപിച്ചു. ഉറക്കമെഴുന്നേറ്റ ശ്രീജിത് സഹോദരനുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയിലും അതിക്രമത്തിലുമെത്തി. ശ്രീജിത് അനിൽകുമാറിനെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. പരിക്കേറ്റ അനിൽകുമാറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.