സിനിമ പ്രൊഡക്ഷൻ കൺട്രോളർക്ക് നേരെ ഗുണ്ടാ ആക്രമണം; ഷൂട്ടിംഗ് നടക്കുന്നതിനിടെ അഞ്ചംഗ സംഘം ആക്രമിച്ചതെന്ന് ജിബു

By Web Team  |  First Published Sep 13, 2024, 7:12 PM IST

അഞ്ചംഗ സംഘം ആക്രമിച്ചെന്ന ജിബുവിൻ്റെ പരാതിയിൽ നടക്കാവ് പൊലീസ് കെസുടുത്തു. ഷൈൻ നിഗം നായകനായ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സെറ്റിന് സമീപം വച്ച് ആക്രമണം ഉണ്ടായത്.


കോഴിക്കോട്: കോഴിക്കോട് സിനിമാ പ്രൊഡക്ഷൻ മാനേജർക്ക് നേരെ ഗുണ്ടാ ആക്രമണം. അഞ്ചംഗ സംഘം ആക്രമിച്ചെന്ന ജിബുവിൻ്റെ പരാതിയിൽ നടക്കാവ് പൊലീസ് കെസുടുത്തു. ഷൈൻ നിഗം നായകനായ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സെറ്റിന് സമീപം വച്ച് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. കോഴിക്കോട് ഇഖ്റ ആശുപത്രിക്ക് സമീപത്തൊരു സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആശുപത്രിക്ക് എതിർവശത്തെ വെളിച്ചെണ്ണ മില്ലിനോട് ചേർന്ന് ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം സ്ഥലത്തെത്തിയത്. പ്രൊഡക്ഷൻ മാനേജർ ജിബുവിനെ പുറത്തോക്ക് വലിച്ചുകൊണ്ടുപോയി റോഡരികിൽ വെച്ച് തല്ലുകയായിരുന്നു. കൂട്ടത്തിലൊരാൾ ലോഹവളകൊണ്ടും മർദിച്ചു എന്നാണ് ജിബു പറയുന്നത്. ചെറിയ കത്തികൊണ്ടും പോറൽ എൽപ്പിച്ചു എന്നും ജിബു പൊലീസിന് നൽകിയ മൊഴിയില്‍ പറയുന്നു. 

Latest Videos

പരിക്കേറ്റ പ്രൊഡക്ഷൻ മാനേജർ ജിബു ആശുപത്രിയിൽ ചികിത്സ തേടി. സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം. സിനിമയുടെ ചിത്രീകരണത്തിനായി ജിബു ഒരു ബൈക്ക് ഏർപ്പാടിക്കിയിരുന്നു. 50,000 രൂപയായിരുന്നു ഇടപാട് തുക, എന്നാൽ 25,000 രൂപ മാത്രമേ നൽകിയുള്ളൂ. ബാക്കി തുക നൽകാത്തതാണ് പ്രകോപനത്തിന് കാരണം. എന്നാണ് മറുവാദം. മർദനത്തിൽ അഞ്ച് പേരെ പ്രതിചേർത്ത് നടക്കാവ് പൊലീസ് കേസെടുത്തു.  

click me!