ലോക വേദിയില്‍ കേരളത്തിന്‍റെ അഭിമാനമായി കാനായിയുടെ സാഗരകന്യക; ഗിന്നസ് റെക്കോര്‍ഡിന്‍റെ പകിട്ട്

By Jithi Raj  |  First Published Oct 30, 2022, 11:27 AM IST

''ഗാലറികൾക്കോ മ്യൂസിയത്തിനോ വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ ശിൽപ്പങ്ങൾ നിർമ്മിക്കുന്നത്, ആർട്ട് ഫോർ ദ പബ്ലിക്. കല അത് ജനങ്ങൾക്ക് വേണ്ടിയാണ്...''


തിരുവനന്തപുരം : വിഖ്യാത ശിൽപ്പി കാനായി കുഞ്ഞിരാമന്റെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്.  ശംഖുമുഖത്ത് അസ്തമയ സൂരയനെ നോക്കി കിടക്കുന്ന സാഗര കന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന റെക്കോർഡാണ് ലഭിച്ചിരിക്കുന്നത്. ചിപ്പിക്കുള്ളിൽ കിടക്കുന്ന തരത്തിലാണ് സാഗര കന്യകയുടെ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. ഈ ശിൽപ്പം ചിപ്പിക്കുള്ളിലായതിനുമുണ്ട് ഒരു കഥ. ആ കഥയും പുരസ്കാര നേട്ടത്തിലെ സന്തോഷവും ഓർമ്മകളും ശിൽപ്പി കാനായി കുഞ്ഞിരാമൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെക്കുന്നു...

അപേക്ഷിക്കാതെ ലഭിച്ച പുരസ്കാരത്തിൽ വലിയ സന്തോഷമുണ്ടെന്ന് പറയുന്നു കാനായി കുഞ്ഞിരാമൻ. ലോക റെക്കോർഡിനർഹമായ ശിൽപ്പം കേരളത്തിൽ ശംഖുമുഖത്ത് തന്നെ നിർമ്മിക്കാനായതിൽ അതിലേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അപരിചിതമായ ഒരു നമ്പറിൽ നിന്ന് കോൾ വരുന്നത്. ഫോൺ എടുത്തപ്പോൾ ലണ്ടനിൽ നിന്നാണെന്നും സാഗര കന്യകയ്ക്ക് ലോക റെക്കോർഡ് ലഭിച്ചിട്ടുണ്ടെന്നും സെർട്ടിഫിക്കറ്റ് അയച്ചുതരുമെന്നും അറിയിച്ചു. അപ്പോഴാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മത്സ്യകന്യകാ ശിൽപ്പമാണ് സാഗരകന്യകയെന്ന് താൻ അറിയുന്നതെന്നും കാനായി. 

Latest Videos

undefined

നിർമ്മിച്ച് 30 വർഷം കഴിഞ്ഞാണ് ഇങ്ങനെയൊരു ശിൽപ്പത്തെ കുറിച്ച് അറിയുന്നതെന്നും ഫോണിൽ ബന്ധപ്പെട്ട ഗിന്നസ് അധികൃതർ പറഞ്ഞു. ലോകത്തെ മത്സ്യകന്യക ശിൽപ്പങ്ങളെ കുറിച്ച് ഒരു പുസ്തകം ലണ്ടനിൽ നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും അതിൽ സാഗരകന്യക ഉൾപ്പെടുമെന്നും അറിയുന്നു. എല്ലാത്തിലും വളരെ സന്തോഷമാണെന്നും അദ്ദേഹം പ്രതികരിച്ചു. 

''ഗാലറികൾക്കോ മ്യൂസിയത്തിനോ വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ ശിൽപ്പങ്ങൾ നിർമ്മിക്കുന്നത്, ആർട്ട് ഫോർ ദ പബ്ലിക്. കല അത് ജനങ്ങൾക്ക് വേണ്ടിയാണ്. കേരളത്തിൽ ശിൽപ്പകല പുരോഗമിച്ചിട്ടില്ല. ശിൽപ്പകലയുടെയും ചിത്രകലയുടെയും സെന്ററായി കേരളം മാറണം. അതാണ് എന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത്'' 

ശംഖുമുഖത്തെ, അസ്തമയ സൂര്യന് അഭിമുഖമായി കിടക്കുന്ന സാഗരകന്യകയെന്ന ആശയത്തിലേക്ക് താനെങ്ങനെ എത്തിയെന്നും അദ്ദേഹം വിവരിച്ചു. ''ശിൽപ്പം നിർമ്മിക്കാൻ സർക്കാർ ഏൽപ്പിച്ചത് മുതൽ ഏത് തരത്തിലായിരിക്കണം ശിൽപ്പം എന്നതിനെ കുറിച്ചായിരുന്നു ആലോചന. കടൽ മുഴുവൻ വിഷം കലർന്നിരിക്കെ വിഷമില്ലാത്ത സ്ഥലം തിരഞ്ഞ് കരയിലെത്തിയ സാഗര കന്യക, എന്നാൽ കണ്ടതാകട്ടെ കരയിലും മാലിന്യം തന്നെ. ഒടുവിൽ മണ്ണ് തൊടാതെ കരയിൽ ഇരിക്കാൻ തീരുമാനിക്കുന്നു. അതാണ് മണ്ണ് തൊടാതെ കരയിൽ ചിപ്പിയിലിരിക്കുന്ന സാഗര കന്യക എന്ന നിർമ്മാണത്തിനായി ഞാൻ ഉണ്ടാക്കിയെടുത്ത ആശയം'' - കാനായി വിവരിച്ചു. 

87 അടി നീളവും 25 അടി ഉയരവുമാണ് സാഗരകന്യക ശിൽപ്പത്തിനുള്ളത്. 1990 ൽ ആരംഭിച്ച് രണ്ട് വർഷമെടുത്താണ് ശിൽപ്പം നിർമ്മിച്ചത്.  ടൂറിസം വകുപ്പാണ് കാനായി കുഞ്ഞിരാമനെ ശിൽപ്പ നിർമ്മാണം ഏൽപ്പിച്ചത്. ശിൽപ്പ നിർമ്മാണ കാലത്തെ പ്രതിസന്ധികളും അദ്ദേഹം ഓർത്തെടുത്തു. അന്നത്തെ ജില്ലാ കളക്ടർ ആയിരുന്ന നളിനി നെറ്റോക്കായിരുന്നു നിർമ്മാണത്തിന്റെ ചുമതല. നിർമ്മാണം പുകുതിയിലേറെയായപ്പോൾ നഗ്ന ശിൽപ്പം പറ്റില്ലെന്നായി കളക്ടർ. ശിൽപ്പത്തെ ഉടുപ്പിക്കണമെന്നുമായി ആവശ്യം. എന്നാൽ മത്സ്യകന്യക നഗ്നയാണെന്ന് ഞാനും പറഞ്ഞു. ഇത് ഒരു പത്രത്തിൽ വാർത്തയായി. ഈ പത്ര വാർത്തയുമായി ഞാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ ചെന്ന് കണ്ടു. അദ്ദേഹം ഇടപെട്ടു. കുഞ്ഞിരാമന് ശിൽപ്പം പൂർത്തിയാക്കാൻ എല്ലാവിധ സൌകര്യങ്ങളും ഒരുക്കണമെന്ന് കളക്ടറോട് നിർദ്ദേശിച്ചു. അങ്ങനെയാണ് ശിൽപ്പ നിർമ്മാണം പൂർത്തിയാക്കാൻ ആയത് - 30 വർഷം മുമ്പത്തെ നിർമ്മാണ കാല ഓർമ്മകൾ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവച്ചു. 

click me!