കുട്ടികളുടെ കൊവിഡ് ചികിത്സയ്ക്ക് മാർഗരേഖയായി; നേരിയ ലക്ഷണമുള്ളവര്‍ക്ക് ചികിത്സ വീട്ടിൽ തന്നെ

By Web Team  |  First Published Jun 3, 2021, 7:14 PM IST

ലഘുവായ ലക്ഷണം ഉള്ളവരെ ശിശുരോഗ വിദഗ്ദൻ ഉള്ള ആശുപത്രിയിൽ ചികിത്സിക്കണം. ഗുരുതര ലക്ഷണം ഉള്ള കുട്ടികളെ മെഡിക്കൽ കോളേജ് അടക്കം ഉള്ള കേന്ദ്രങ്ങളിലേക്ക് മാറ്റും.
 


തിരുവനന്തപുരം: സംസ്ഥാനത്ത് നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും കൊവിഡ് ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടികളില്‍ ഉണ്ടാകുന്ന കൊവിഡും കൊവിഡാനന്തര പ്രശ്‌നങ്ങള്‍ക്കുമുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. 

കൊവിഡിന്റെ ഒന്നും രണ്ടും തരംഗത്തില്‍ കുട്ടികളെ വലുതായി കൊവിഡ് ബാധിച്ചില്ല. 10 ശതമാനത്തിന് താഴെ മാത്രമാണ് രണ്ട് തരംഗത്തിലും കുട്ടികളെ ബാധിച്ചത്. മൂന്നാം തരംഗത്തിലും കുട്ടികളെ വലുതായി ബാധിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ കൂടുതലായി കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയാത്തതും ഒരു കാരണമാണ്. സംസ്ഥാനത്തെ സംബന്ധിച്ച് സ്‌കൂള്‍ തുറക്കുന്ന സാഹചര്യമുണ്ടായാലും കുട്ടികളില്‍ രോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്കായി സര്‍ജ് പ്ലാനും ചികിത്സാ മാര്‍ഗരേഖയും തയ്യാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

Latest Videos

undefined

നേരിയ (മൈല്‍ഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയര്‍) രോഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികള്‍ക്കുള്ള ചികിത്സ സജ്ജമാക്കുന്നത്. കൊവിഡ് ബാധിച്ചാല്‍ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും നേരിയ രോഗം വരാനാണ് സാധ്യത. നേരിയ രോഗലക്ഷണമുള്ള കുട്ടികളെ വീട്ടില്‍ തന്നെ ചികിത്സിക്കുന്നതാണ്. കൂടുതല്‍ രോഗലക്ഷണമുള്ള കുട്ടികളെ രോഗത്തിന്റെ തിവ്രതയനുസരിച്ച് താലൂക്ക്, ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സിക്കുന്നതാണ്.

ലഘുവായ രോഗലക്ഷണമുള്ളവരെ പോലും ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലാണ് ചികിത്സിക്കേണ്ടത്. മിതമായ രോഗലക്ഷണമുള്ളവരെ എച്ച്.ഡി.യു. (ഹൈ ഡിപ്പന്റന്‍സി യൂണിറ്റ്) സൗകര്യവും ഓക്‌സിജന്‍ നല്‍കാന്‍ സൗകര്യവുമുള്ള ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കാണ് മാറ്റുന്നത്. ഗുരുതര രോഗലക്ഷണമുള്ളവരെ ടെറിഷ്യറി കെയര്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സിക്കുന്നതാണ്. ഇത്തരം കുട്ടികളെ ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ആശുപത്രികളിലൊരുക്കിയിട്ടുണ്ട്. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതാണ്.

അപൂര്‍വം ചില കുട്ടികളില്‍ കാണുന്ന കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യവും ചികിത്സാ മാര്‍ഗരേഖയും ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം ഈ കുട്ടികളുടെ തുടര്‍ ചികിത്സയ്ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് അമ്മയില്‍ നിന്നും രോഗം പകരുമെന്നതിന് തെളിവില്ല. മുലപ്പാലില്‍ നിന്ന് രോഗം പകരുന്നതിനും തെളിവില്ല. അതിനാല്‍ തന്നെ അമ്മമാര്‍ക്ക് മുലപ്പാല്‍ ഊട്ടാവുന്നതാണ്. അമ്മയില്‍ നിന്നും വായുവിലൂടെ മാത്രമേ കുട്ടിക്ക് രോഗം പകരാന്‍ സാധ്യതയുള്ളു. അതിനാല്‍ മുലപ്പാല്‍ ഊട്ടുന്ന സമയത്ത് അമ്മ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. കൈകള്‍ സോപ്പുയോഗിച്ച് ഫലപ്രദമായി കഴുകിയതിന് ശേഷം മാത്രമേ മുലപ്പാല്‍ ഊട്ടാന്‍ പാടുള്ളൂ.

click me!