ഉമ തോമസ് അപകടം: കലൂര്‍ സ്റ്റേഡിയത്തിലെ മൃദം​ഗനാദം നൃത്തപരിപാടിയുടെ 3 സംഘാടക സ്ഥാപനങ്ങളിൽ ജിഎസ്ടി റെയ്ഡ്

By Web Desk  |  First Published Jan 9, 2025, 3:37 PM IST

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എഎംൽഎക്ക് സംഭവിച്ച അപകടവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയിലെ സംഘാടക സ്ഥാപനങ്ങളുടെ ഓഫീസിൽ ജിഎസ്ടി റെയ്ഡ്.


കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എഎംൽഎക്ക് സംഭവിച്ച അപകടവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയിലെ സംഘാടക സ്ഥാപനങ്ങളുടെ ഓഫീസിൽ ജിഎസ്ടി റെയ്ഡ്.  മൃദംഗനാദം നൃത്തപരിപാടിയുടെ സംഘാടകരായ കൊച്ചിയിലെ ഇവൻ്റ്സ് ഇന്ത്യ, തൃശൂരിലെ ഓസ്കാർ ഇവൻ്റ്സ്, വയനാട്ടിലെ മൃദംഗവിഷൻ എന്നീ സ്ഥാപനങ്ങളുടെ ഓഫീസുകളിലാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സിന്റെ പരിശോധന. പരിശോധന തുടർന്ന് വരികയാണെന്നും പരിപാടിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വകുപ്പ് ശേഖരിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.

അതേ സമയം, കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസിന് ജിസിഡിഎ വിശദീകരണം നൽകി. സംഭവത്തിൽ ജിസിഡിഎക്ക് മനഃപ്പൂർവ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും കരാർ മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നുമാണ് ജിസിഡിഎ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

Latest Videos

ഉമ തോമസിനുണ്ടായ അപകടം നിർഭാഗ്യകരമെന്നാണ് വിശദീകരണ കുറിപ്പിലുള്ളത്. സംഭവത്തിൽ പ്രാഥമിക നടപടി എടുത്ത് ഒരാളെ സസ്പെൻഡ് ചെയ്തു. ജിസിഡിഎ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും വ്യക്തമാക്കി. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും ജിസിഡിഎ വ്യക്തമാക്കി. മൃദംഗ വിഷനുമായുള്ള കരാറിന്റെ പകർപ്പും മറുപടിക്ക് ഒപ്പം നൽകിയിട്ടുണ്ട്.

click me!