'സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ല, ആരെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല': മന്ത്രി സജി ചെറിയാൻ

By Web Team  |  First Published Aug 25, 2024, 10:43 AM IST

"എനിക്ക് മൂന്ന് പെൺകുട്ടികളാണ്, സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ"


തിരുവനന്തപുരം: സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്‍റെ പ്രതികരണം. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ല. മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. "എനിക്ക് മൂന്ന് പെൺകുട്ടികളാണ്, സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ"- എന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ ദിവസം രഞ്ജിത്തിനെ സംരക്ഷിച്ചാണ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നാണ് അദ്ദേഹം പറഞ്ഞത്. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ച ഉണ്ടാകില്ല. എന്നാല്‍. നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താൻ ആകൂവെന്നും ഇന്നലെ മന്ത്രി പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പറ‍‍ഞ്ഞ സജി ചെറിയാന്‍, രഞ്ജിത്ത് അത് നിഷേധിച്ചില്ലെ എന്നും ചോദിച്ചു.

Latest Videos

undefined

മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫിനുള്ളിൽ തന്നെ അഭിപ്രായം ഉയർന്നതോടെയാണ് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. 2009 - 10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. ഡോക്യുമെന്‍ററി സംവിധായകൻ ജോഷി ജോസഫിനോട് അന്ന് തന്നെ ശ്രീലേഖ ഇക്കാര്യം പറഞ്ഞിരുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്നും ശ്രീലേഖ മിത്ര പറയുകയുണ്ടായി. 

click me!