തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കൊച്ചിയിൽ അറസ്റ്റിൽ; പിടികൂടിയത് പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന്

By Web Team  |  First Published Oct 7, 2024, 7:56 AM IST

തിരുവനന്തപുരം കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനം നടത്തുകയായിരുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം അടുത്തിടെയായി കൊച്ചിയിൽ കണ്ടെത്തുകയായിരുന്നു.


കൊച്ചി: കഴി‌ഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്ന് പൊലീസ് കൊക്കൈൻ പിടികൂടിയിരുന്നു.

കൊച്ചി മരട് പൊലീസാണ് കഴി‌ഞ്ഞ ദിവസം ഓം പ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാൾ മൊഴി നൽകിയയത്. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.

Latest Videos

undefined

തലസ്ഥാനം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാർക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്. 

ആദ്യം കരുതൽ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. പിന്നീട് ഹോട്ടലിലെത്തിച്ചും വിവരങ്ങൾ തേടി. ഇയാളുടെ സുഹൃത്തായ കൊല്ലം സ്വദേശിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ ഹോട്ടലിലുണ്ടായ സമയത്ത് ചില സിനിമ താരങ്ങളും ഇവിടെ എത്തിയിരുന്നു എന്ന് വിവരമുണ്ട്. ഇവരുമായി ഓം പ്രകാശിന് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. 

പാറ്റൂർ ഗ‍ുണ്ടാ ആക്രമണ കേസിലെ മുഖ്യപ്രതിയായിരുന്ന ഓം പ്രകാശ് ഒരു മാസം മുൻപ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും പൊലീസ് കസ്റ്റഡിയിലായിരുന്നു. പല സാമ്പത്തിക ഇടപാടുകളും കരാറുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഗോവയിലും സംസ്ഥാനത്തിന് പുറത്തും ഇയാൾ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓം പ്രകാശിനെ കേന്ദ്രീകരിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!