കോരിച്ചൊരിയുന്ന മഴയിൽ പറന്നിറങ്ങിയ ദുരന്തം; കാരണം വ്യക്തമായിട്ടും കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം

By Web Team  |  First Published Aug 7, 2024, 8:44 AM IST

2020 ഓഗസ്റ്റ് 7- പെട്ടിമുടിയില്‍ അറുപതിലേറെ പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ നടുക്കത്തിലായിരുന്നു നാട്. പോരാത്തതിന് കൊവിഡിന്‍റെ ആശങ്കയും. ഈ പ്രതിസന്ധികള്‍ക്ക് നടുവിലേക്കാണ് ദുരന്തം പറന്നിറങ്ങിയത്


കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായിട്ട് നാല് വർഷം. പൈലറ്റിന്‍റെ പിഴവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടും കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. റണ്‍വേ വികസന കാര്യത്തിലും വിമാന ദുരന്തം കരിപ്പൂരിനെ പിന്നോട്ടടിപ്പിച്ചു.

2020 ഓഗസ്റ്റ് 7- ലോകമെങ്ങും കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടം. നാട്ടിലേക്ക് മടങ്ങാന്‍ ഊഴം കാത്തിരുന്ന പ്രവാസികളുമായി വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നതായിരുന്നു എയര്‍ ഇന്ത്യ എക്പ്രസ് വിമാനം. വിമാനത്തില്‍ ഉണ്ടായിരുന്നത് 191 പേര്‍. വിമാനം പറത്തിയിരുന്നതാകട്ടെ പരിചയ സമ്പന്നനായ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാഥെ.

Latest Videos

കോരിച്ചൊരിയുന്ന മഴയായിരുന്നു അന്ന് കേരളമെങ്ങും. ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയില്‍ അറുപതിലേറെ പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ നടുക്കത്തിലുമായിരുന്നു നാട്. പോരാത്തതിന് കൊവിഡിന്‍റെ ആശങ്കയും. ഈ പ്രതിസന്ധികള്‍ക്ക് നടുവിലേക്കായിരുന്നു ദുരന്തം പറന്നിറങ്ങിയത്. ദുബൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചതിരിഞ്ഞ് 2.15 ന് പുറപ്പെട്ട വിമാനം നിശ്ചിത സമയത്തു തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി. റണ്‍വേ 28ല്‍ ഇറങ്ങാനായിരുന്നു ശ്രമമെങ്കിലും കോരിച്ചൊരിയുന്ന മഴയും വിമാനത്തിന്‍റെ വൈപറിനുണ്ടായ തകരാറും വില്ലനായി. 

പറന്നുപൊങ്ങിയ വിമാനം റണ്‍വേ 10ല്‍ ഇറങ്ങാനായി അനുമതി തേടി. എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അനുമതി നല്‍കിയതു പ്രകാരം വിമാനം ലാന്‍ഡ് ചെയ്തു. എന്നാല്‍ റണ്‍വേയില്‍ ഇറങ്ങേണ്ട ഭാഗത്തു നിന്ന് ഒരു കിലമീറ്ററോളം മാറിയായിരുന്നു ലാന്‍ഡ് ചെയ്തത്. നിലം തൊട്ടതിനു പിന്നാലെ വിമാനം കുതിച്ചു പാഞ്ഞു. വേഗം നിയന്ത്രിക്കാന്‍ പൈലറ്റ് സാഥേ നടത്തിയ ശ്രമങ്ങളെല്ലാം പാളി. നിമിഷങ്ങള്‍ക്കുളളില്‍ വിമാനം റണ്‍വേയുടെ കിഴക്ക് ഭാഗത്തേ ക്രോസ് റോഡിലേക്ക് വിമാനം ഇടിച്ചിറങ്ങി. രണ്ടു പൈലറ്റുമാരും 19 യാത്രക്കാരുമുള്‍പ്പെടെ 21 മരണം.

ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങൾ പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്‍റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി. വൈപ്പര്‍ തകാരാറില്‍ ആയിരുന്നിട്ടും ഓട്ടോ പൈലറ്റ് രീതിയില്‍ ഇറക്കുന്നതിനു പകരം സ്വന്തം നിയന്ത്രണത്തില്‍ മാത്രം വിമാനമിറക്കാന്‍ ശ്രമിച്ചത്, സഹപൈലറ്റ് അഖിലേഷ് നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം ലംഘിച്ചത്, കരിപ്പൂരിലെ ലാന്‍ഡിംഗ് ദുഷ്കരമെന്ന് തിരിച്ചറിഞ്ഞ് കൊച്ചി, കോയമ്പത്തൂര്‍ തുടങ്ങി മറ്റ് വിമാനത്താവളില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കാഞ്ഞത് തുടങ്ങിയവയെല്ലാം മുഖ്യ പൈലറ്റ് ക്യാപ്റ്റന്‍ സാഥെയുടെ പിഴവായി അന്വേഷണത്തില്‍ കണ്ടെത്തി. 

എങ്കിലും അപകട ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മാറ്റമില്ലാതെ തുടര്‍ന്നു. റണ്‍വേ വികസനവും വഴിമുട്ടി. അപകടത്തില്‍ പെട്ടത് ചെറു വിമാനം ആയിരുന്നെങ്കിലും ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഡിജിസിഎ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. രാഷ്ട്രീയ നേതൃത്വവും യാത്രക്കാരുടെ വിവിധ സംഘടനകളും നിരന്തരം ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് റണ്‍വേ വികസനത്തിനുളള നടപടികള്‍ക്ക് ജീവന്‍ വച്ചതാണ് സമീപ കാലത്തുണ്ടായ മാറ്റം. 

ഇതെല്ലാം ഒരു ഭാഗത്ത് നില്‍ക്കുമ്പോഴും ദുരന്ത മുഖത്ത് ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ കരിപ്പൂരിലെ നാട്ടുകാര്‍ മനുഷ്യത്വത്തിന്‍റെ മഹത്തായ മാതൃകയായി. ഇന്നോളം കാണാത്ത ദുരിതത്തിലൂടെ വയനാട്ടിലെ മനുഷ്യരെ പ്രകൃതി കൊണ്ടുപോകുമ്പോൾ, അതിജീവനത്തിന് കരുത്ത് പകരുകയാണ് കരിപ്പൂരടക്കമുളള ദുരന്ത മുഖങ്ങളില്‍ മനുഷ്യര്‍ കാട്ടിയ ഐക്യവും പരസ്പര വിശ്വാസവും.

80ലേറെ സൈനിക വിമാനങ്ങൾ, 30 രാജ്യങ്ങൾ; 'തരംഗ് ശക്തി 2024'ന് തമിഴ്നാട്ടിൽ തുടക്കം, ലക്ഷ്യം സൈനിക സഹകരണം

click me!