ക്രെഡിറ്റ് കാർഡ് പേയ്മെന്‍റ് പ്ലാറ്റ്ഫോമായ 'ക്രെഡി'നെ കബളിപ്പിച്ച് ബാങ്ക് ജീവനക്കാരൻ; തട്ടിയെടുത്തത് 12.5 കോടി

By Web Desk  |  First Published Dec 29, 2024, 12:46 PM IST

ആക്സിസ് ബാങ്കിലെ ക്രഡിൻ്റെ അക്കൗണ്ടിൽ നിന്ന് 12.5 കോടി രൂപ തട്ടിയെടുത്ത കേസിൽ ഗുജറാത്ത് സ്വദേശികളായ നാല് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു


ബെംഗളൂരു: ക്രെഡിറ്റ് കാർഡ് പേയ്മെന്‍റ് പ്ലാറ്റ്ഫോം ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശികളായ നാല് പേർ അറസ്റ്റിലായി. ഗുജറാത്തിലെ ആക്സിസ് ബാങ്കിന്‍റെ റിലേഷൻഷിപ്പ് മാനേജർമാരിൽ ഒരാളായ വൈഭവ് പിട്ടാഡിയയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയത്. ഗുജറാത്ത് സ്വദേശികളായ നേഹ ബെൻ, ശൈലേഷ്, ശുഭം എന്നിവരാണ് കേസിൽ പിടിയിലായ മറ്റ് മൂന്ന് പേർ.

ബെംഗളുരു ഇന്ദിരാനഗർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആക്സിസ് ബാങ്കിന്‍റെ ബെംഗളുരുവിലെ ഇന്ദിരാനഗർ ശാഖയിലാണ് ക്രെഡിന്‍റെ പ്രധാന കോർപ്പറേറ്റ് അക്കൗണ്ട് ഉള്ളത്. ഇതിലൂടെ ദിവസവും രണ്ട് കോടിയിലധികം രൂപയുടെ ഇടപാടുകൾ നടക്കാറുണ്ട്. മെയിൻ അക്കൗണ്ടിന്‍റെ രണ്ട് കോർപ്പറേറ്റ് സബ് അക്കൗണ്ടുകൾ പ്രവർത്തന രഹിതമാണെന്ന് കണ്ടെത്തിയ വൈഭവ്, ഇതിലേക്കുള്ള യൂസർനെയിമും പാസ്‍വേഡും കിട്ടാനായി കമ്പനി എംഡിയെന്ന പേരിൽ നേഹ ബെന്നിനെക്കൊണ്ട് അപേക്ഷ നൽകിച്ചു. ഇതിനായി ക്രെഡിന്‍റെ വ്യാജ ലെറ്റർ ഹെഡും ഐഡിയുമുണ്ടാക്കി. ഗുജറാത്തിലെ അങ്കലേശ്വർ ബ്രാഞ്ചിലാണ് നേഹ അപേക്ഷ നൽകിയത്.

Latest Videos

നേഹ നൽകിയ കോർപ്പറേറ്റ് ഇന്‍റർനെറ്റ് ബാങ്കിംഗ് അപേക്ഷ അംഗീകരിച്ചതോടെ ഇവർക്ക് കോർപ്പറേറ്റ് സബ് അക്കൗണ്ടിന്‍റെ യൂസർ നെയിമും പാസ്‍വേഡും കിട്ടി. ഇതുവഴി ക്രെഡിന്‍റെ മെയിൻ അക്കൗണ്ടിൽ നിന്ന് ചെറിയ തുകകളായി ഇവർ സബ് അക്കൗണ്ടിലേക്ക് പണം മാറ്റി. അവിടെ നിന്ന് മറ്റ് വ്യാജ അക്കൗണ്ടുകളിലേക്കും പണം മാറ്റി. ഇങ്ങനെ ഒക്ടോബർ 29 മുതൽ നവംബർ 11 വരെ 17 തവണകളായി ഇവർ 12.5 കോടി രൂപ തട്ടിയെടുത്തു. എന്നാൽ തട്ടിപ്പ് അധികം നീണ്ടുപോയില്ല.

അക്കൗണ്ടിലെ തുകയിൽ നിന്ന് കോടികൾ കാണാതായതോടെ ആക്സിസ് ബാങ്കിന് ക്രെഡ് പരാതി നൽകി. ഇതോടെ ആക്സിസ് ബാങ്ക് പൊലീസിൻ്റെ സഹായം തേടി. കർണാടക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിനുള്ളിൽ നടന്ന വൻ തട്ടിപ്പ് പുറത്തായത്. ആക്സിസ് ബാങ്കിൻ്റെ വിവിധ ബ്രാഞ്ചുകളിലായി വ്യാജ കോർപ്പറേറ്റ് ബാങ്കിംഗ് അപേക്ഷകൾ പ്രതികൾ നൽകിയതും കണ്ടെത്തിയിട്ടുണ്ട്. പണം തട്ടാൻ ലക്ഷ്യമിട്ടാണ് ഇതെന്നാണ് നിഗമനം.

click me!