ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് എന്‍ജിനീയറിങ് വിഭാഗത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്നും കെ.മീര.
കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ.മീര. മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സബ് കളക്ടര്‍. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് എന്‍ജിനീയറിങ് വിഭാഗത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്നും കെ.മീര പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച വീടുകളും സബ് കളക്ടര്‍ സന്ദര്‍ശിച്ചു. കണയന്നൂര്‍ തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍, ഫോര്‍ട്ട് കൊച്ചി ആര്‍ഡി ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി വി ജയേഷ്, പൊലീസ് ഉദ്യോഗസ്ഥരും സബ് കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ അഞ്ചു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലുള്ള ഇവരെ അടിമാലിയില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ പുതിയകാവ് ക്ഷേത്രത്തിലെ ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍ എന്നിവരെയും ജോയിന്‍ സെക്രട്ടറിയെയുമാണ് അറസ്റ്റ് ചെയ്തിരുന്നത്.
തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.