മുൻ എംഎൽഎ എസ് രാജേന്ദ്രനും സിപിഎമ്മുമായുള്ള ഭിന്നതയ്ക്ക് പരിഹാരമാകുന്നു. അംഗത്വം പുതുക്കുന്നതിൽ ജില്ലാ നേതൃത്വവുമായി ചർച്ച
ഇടുക്കി: എസ് രാജേന്ദ്രൻ പാർട്ടിയിലേക്ക് മടങ്ങി വരുന്നത് തള്ളാതെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ്. രാജേന്ദ്രൻ പാർട്ടിയെയും പാർട്ടി രാജേന്ദ്രനെയും തള്ളി പറഞ്ഞിട്ടില്ല. മെമ്പർഷിപ്പ് പുതുക്കുന്ന കാര്യം രാജേന്ദ്രനോട് സംസാരിച്ചിട്ടുണ്ടെന്നും സി.വി. വർഗീസ് പറഞ്ഞു.
രാജേന്ദ്രൻ പാർട്ടിയെ തള്ളി പറയാത്തത് പാർട്ടിയോട് താൽപര്യമുള്ളതുകൊണ്ടെന്നാണ് വർഗീസ് പറയുന്നത്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുക എന്നത് രാജേന്ദ്രൻ ചെയ്യേണ്ടതാണെന്നും അംഗത്വം പുതുക്കിയാലേ ചുമതലയും ഘടകവും തീരുമാനിക്കുകയുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്. പൊതുപരിപാടിയിൽ എംൽഎ എന്ന നിലയിൽ എകെ മണിയുടെ പേര് വച്ചാൽ എസ് രാജേന്ദ്രൻ്റെ പേരും വെക്കണം. അത് പ്രോട്ടോക്കോളാണ്. പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയതിൻ്റെ പേരിൽ അങ്ങനെ ചെയ്യുന്നത് ശരിയല്ല. അതിൽ പരാതി നൽകേണ്ടത് രാജേന്ദ്രനാണെന്നും വർഗീസ് കൂട്ടിച്ചേർത്തു.
അതേസമയം ഉന്നയിച്ച പ്രശ്നങ്ങൾക്ക് കാരണമായവർ ഇപ്പോഴും നേതൃസ്ഥാനത്തുണ്ടെന്നും അവർ അവിടെ ഇരിക്കുന്നിടത്തോളം ഭീതിയോടെ കഴിയേണ്ടിവരുമെന്നും എസ്.രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.