തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് വിഎസ്‍ സുനിൽകുമാര്‍. ചോറ് ഇവിടെയും കൂറ് അവിടെയും ആണെന്ന് എംകെ വര്‍ഗീസ് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണെന്ന് വിഎസ് സുനിൽകുമാര്‍.
തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ്‍ സുനിൽകുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്ന് മേയര്‍ എംകെ വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനിൽ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനിൽ കുമാര്‍ ആരോപിച്ചു. തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാൻ തീരുമാനിച്ചതാണ് പ്രശ്നമെന്നും എൽഡിഎഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് വിഎസ് സുനിൽ കുമാര്‍ പറഞ്ഞു.
ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എംകെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ തുറന്നടിച്ച് വിഎസ് സുനിൽ കുമാര്‍ രംഗത്തെത്തിയത്. ഇത്തരത്തിലൊരു സംഭവം നടത്തിയത് അദ്ദേഹത്തിന്‍റെ ബിജെപിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം തന്നെയാണ് വെളിവെക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സഹായകമാകുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.
undefined
ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്നത് അന്ന് തന്നെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. മേയറെ മാറ്റേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. എന്ത് ചെയ്താലും സ്ഥാനം നഷ്ടപെടില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും എന്ത് ചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാൽ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിഎസ് സുനിൽ കുമാര്‍ പറഞ്ഞു. മേയറെ മാറ്റാൻ എൽഡിഎഫ് നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന പരോക്ഷ വിമര്‍ശനമാണ് സുനിൽകുമാര്‍ നടത്തിയത്.
കെ സുരേന്ദ്രൻ വഴിതെറ്റിവന്നു കേക്ക് കൊടുത്തതല്ലെന്നും അതിൽ അത്ഭുതമില്ലെന്നും വിഎസ് സുനിൽകുമാര്‍ പറഞ്ഞു. മറ്റൊരു മേയർക്കും കെ സുരേന്ദ്രൻ കേക്ക് കൊടുത്തില്ലല്ലോ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച ആളാണ് ഇടതുമുന്നണിയുടെ തൃശൂർ മേയറായ എംകെ വര്‍ഗീസ്. പ്രത്യേക സാഹചര്യത്തിൽ മേയർ ആക്കിയതാണ്. ഇനി ഒന്നും ചെയ്യാനില്ല. അദ്ദേഹം തുടരട്ടെയെന്നും ഇടതുമുന്നണിയുടെ ചെലവിൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യരുതെന്നും വിഎസ് സുനിൽകുമാര്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപിയുമായി ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന ആരോപണത്തിൽ മേയര്‍ സംശയ നിഴലിലാണ്. സുനിൽകുമാറും സിപിഐയും മേയറെ സംശയിക്കുമ്പോഴും ഭരണപോകുമെന്ന് ഭയന്ന് സിപിഎം ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണിപ്പോള്‍ കെ സുരേന്ദ്രന് കേക്ക് കൊടുത്ത വിവാദം ഉണ്ടായത്.
തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ക്രിസ്മസ് കേക്കുമായി എത്തിയായിരുന്നു സന്ദർശനം. എംകെ വര്‍ഗീസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്‍റെ സന്ദർശനം മാത്രമാണെന്നും കെ സുരേന്ദ്രൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ക്രിസ്തുമസ് ദിവസം തന്‍റെ വസതിയിൽ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിന്‍റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയർ എം കെ വർഗീസിന്‍റെ മറുപടി. ബിജെപി സംസ്ഥാന അധ്യക്ഷൻ വന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ വിവാദങ്ങളിൽ ഏർപ്പെട്ടയാളാണ് മേയർ. വാക്കുകളിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല എന്നായിരുന്നു അന്ന് മേയർ നൽകിയ മറുപടി.