അപകടങ്ങൾ പലതും ഉൾവനത്തിൽ, വന ഭേദഗതി നിയമം മുഖ്യമന്ത്രി വേണ്ടെന്ന് പറഞ്ഞാൽ വേണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ

By Web Desk  |  First Published Jan 9, 2025, 12:41 PM IST

വിഷ്ണു റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിക്കായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 


തിരുവനന്തപുരം: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടകയിലെ കുട്ട സ്വദേശിയായ യുവാവ് മരിച്ചതടക്കമുള്ള വന്യജീവീ ആക്രമണങ്ങളിൽ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ. ഈ അപകടങ്ങൾ നടക്കുന്നത് ഉൾവനത്തിലാണെന്നും ഇത്തരം സാഹചര്യം ഒഴിവാക്കാൻ ബോധവൽക്കരണം വേണമെന്നും മന്ത്രി പറഞ്ഞു. പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ വിഷ്ണു (22) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം പാതിരി റിസർവ്‌ വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വെച്ചായിരുന്നു സംഭവം. വിഷ്ണു റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിക്കായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 

വയനാട്ടിലും നിലമ്പൂരിലും വന്യജീവി ആക്രമണം നടന്നത് ഉൾവനത്തിലാണ്. അതുകൊണ്ടു തന്നെ വനത്തിനുള്ളിൽ ആളുകൾ പ്രവേശിക്കുന്നത് തടയാൻ ബോധവത്കരണം വേണം. വന ഭേതഗതി നിയമം നിലവിലെ വ്യവസ്ഥകൾ ലഘൂകരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഭേദഗതി നിയത്തിലെ ഉള്ളടക്കം ചർച്ചയാകുന്നില്ലെന്നത് ഖേദകരമാണ്. ഫോറസ്റ്റ് വാച്ചർമാരെ അടക്കം ഉൾപ്പെടുത്തി അടിയന്തര ആക്ഷൻ പ്ലാൻ ഉണ്ടാക്കും.

Latest Videos

പലപ്പോഴും വനം വകുപ്പിനെതിരെ കടന്നാക്രമണം നടക്കുന്നുണ്ട്. എന്നാൽ ചില വസ്തുതകൾ മനസിലാക്കേണ്ടതുണ്ട്. പല മരണങ്ങളും കാട്ടിലുള്ളിലാണ് സംഭവിക്കുന്നത്. അതു പോലും ആഘോഷിക്കപ്പെടുന്നു. വന നിയമത്തിൽ പരിഷ്കാരം വേണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. വനനിയമ ഭേദഗതി നടപ്പിലായില്ലെങ്കിൽ നിലവിലെ നിയമം തുടരുമെന്നാണ് അർത്ഥം. കേരള കോൺഗ്രസിന്റെ ആശങ്ക മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അവരുടെ മുൻ നിലപാടിൽ മാറ്റം ഉണ്ടെന്നാണ് കരുതുന്നത്. 

അവരുടെ ആശങ്ക പരിഗണിക്കേണ്ട സമയത്ത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ നിയമസഭയിൽ മാത്രമേ ഇനി ചർച്ച നടക്കു. അല്ലെങ്കിൽ ബിൽ പൂർണമായി പിൻവലിക്കേണ്ടി വരും. ഒരു പിടിവാശിയും ബില്ലിൽ ഇല്ല.  കർഷക സംഘടനകൾ പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കരുത്. മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ തനിക്ക് തൃപ്തിയുണ്ട്. ഭേദഗതി മുഖ്യമന്ത്രി വേണ്ടെന്ന് പറഞ്ഞാൽ അത്  വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ 22കാരന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!