മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്.
മലപ്പുറം: മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്. മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പിൽ താത്ക്കാലിക ജോലി നൽകുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സയും വനംവകുപ്പ് ഏറ്റെടുക്കും. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ മരിച്ചത്. മണിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപ ധനസഹായം ഉടൻ നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.
മണിയുടെ മക്കള്‍ ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ചുവരുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ 5 വയസുകാരന്‍ മകന്‍ ഒപ്പമുണ്ടായിരുന്നു. തെറിച്ചു വീണതിനെ തുടര്‍ന്നാണ് കുഞ്ഞ് രക്ഷപ്പെട്ടത്.
എട്ടു മണിയോടെയാണ് അപകട വിവരം ബന്ധുക്കള്‍ അറിയുന്നത്. മണിയുടെ സഹോദരന്‍ അയ്യപ്പൻ അപകട സ്ഥലത്തെത്തി മണിയെ ചുമന്നാണ് പുറത്തേക്ക് കൊണ്ടുവന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്റര്‍ ദൂരമാണ് വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിക്കാൻ വേണ്ടി മണി ചുമന്നത്. കണ്ണക്കൈയിൽ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പിൽ കാടിന് പുറത്ത് എത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആണ് മണി മരിച്ചത്.
മരിച്ച യുവാവിന്‍റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വന്യ ജീവി ആക്രമണം തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാൻ ആണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണ്. വന നിയമ ഭേദഗതിയിൽ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരും. ജനങ്ങൾക്ക് പ്രായോഗികമായ നിയമങ്ങൾ മാത്രമേ നടപ്പിലാക്കു. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും അത്തരം ആലോചന ഇതുവരെ ഇല്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.