പിടി സെവനെ പിടികൂടുമോ ? ഇന്നത്തെ ദൗത്യം ആരംഭിച്ച് വനംവകുപ്പ്, ആന ധോണിയിലെന്ന് സൂചന  

By Web Team  |  First Published Jan 22, 2023, 6:19 AM IST

ആന ഉൾക്കാട്ടിൽ തന്നെയെന്നാണെന്നാണ് വനംവകുപ്പ് നിഗമനം. ധോണിയിലെ കോർമ എന്ന സ്ഥലത്ത് പി ടി സെവനെ കണ്ടെത്തിയതായി സൂചനയുണ്ട്.


പാലക്കാട് : പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവനെ (ടസ്കർ ഏഴാമനെ) കണ്ടെത്താനുള്ള ഇന്നത്തെ ദൗത്യം തുടങ്ങി.ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ കാട്ടിലേക്ക് കയറി. ആന ഉൾക്കാട്ടിൽ തന്നെയെന്നാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. ധോണിയിലെ കോർമ എന്ന സ്ഥലത്ത് പി ടി സെവനെ കണ്ടെത്തിയതായി സൂചനയുണ്ട്. ഇന്നലെയും ആനയെ പിടികൂടാനായുള്ള ശ്രമം നടത്തിയെങ്കിലും  ഉൾക്കാട്ടിലേക്ക് കയറിയതോടെ മയക്കുവെടി വയ്ക്കാൻ സാധിച്ചില്ല. കുങ്കിയാനയെ എത്തിച്ച് ആനയെ തിരിച്ചിറക്കാനും ശ്രമം നടത്തിയിരുന്നു. 

Latest Videos

 

കഴിഞ്ഞ നാല് വർഷമായി ജനവാസ മേഖലയിൽ ഇറങ്ങി വിഹരിക്കുകയായിരുന്നു പാലക്കാട്‌ ടസ്കർ സെവൻ എന്ന പിടി 7. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമനാണ് അന്ന് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7. ധോണി, മായാപുരം, മുണ്ടൂർ,  അകത്തേത്തറ, മലമ്പുഴ മേഖലകളിൽ കാട്ടുകൊമ്പന്‍ പതിവായി എത്താറുണ്ട്. പാടം കതിര് അണിഞ്ഞാൽ കാട് ഇറങ്ങുന്നത് പതിവാണ്. ഇടയ്ക്ക് രണ്ടോ മൂന്നോ ആനകൾ ഒപ്പമുണ്ടാവാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചാണ് കാട്ടുകൊമ്പന്‍റെ വരവ്.

ഒരുങ്ങിയത് വമ്പൻ കൂട് 

മയക്കുവെടിവെച്ച പി ടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലേക്ക് എത്തിക്കും. 140 യൂക്കാലിപ്സ് മരം കൊണ്ടുള്ള കൂടാണ് പാലക്കാട്ട് ഒരുക്കിയിരിക്കുന്നത്. ആറടി ആഴത്തിൽ കുഴിയെടുത്ത് തൂണ് പാകി, മണ്ണിട്ടും വെള്ളമൊഴിച്ചും ഉറപ്പിച്ചതാണ് കൂട്. ആന കൂട് തകർക്കാൻ ശ്രമിച്ചാലും പൊട്ടില്ല. യൂക്കാലിപ്സ് ആയതിനാൽ ചതവേ വരൂ. നാലുവർഷം വരെ കൂട് ഉപയോഗിക്കാം. കൂടിൻ്റെ ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ട്.ആനക്കൂട്ടിലേക്കുള്ള റാമ്പും പൂർത്തിയാക്കിയിട്ടുണ്ട്. ലോറിയിലാക്കിയാകും ആനയെ ഇവിടേക്ക് എത്തിക്കുക. 
 

click me!