കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29നാണ് ഓൺലൈനിലൂടെ കോട്ടയം സംക്രാന്തി പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്.
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ച സംഭവത്തിൽ രാസപരിശോധന ഫലം പുറത്ത്. ഭക്ഷ്യവിഷബാധയേറ്റാണ് യുവതി മരിച്ചതെന്ന് പരിശോധനഫലത്തിൽ വ്യക്തമായി. ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ കേസിൽ ഹോട്ടൽ ഉടമകളെ പൊലീസ് പ്രതി ചേർത്തു. ഒളിവിലുള്ള ഹോട്ടലുടമകൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിശദമായ ഫോറൻസിക് റിപ്പോർട്ട് ഉടനെ അന്വേഷണസംഘത്തിന് കൈമാറും.
കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29നാണ് ഓൺലൈനിലൂടെ കോട്ടയം സംക്രാന്തി പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അവശയായ രശ്മിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
രശ്മിയുടെ മരണത്തിൽ ഹോട്ടലിലെ മുഖ്യപാചകക്കാരൻ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യയ്ക്ക് കേസെടുത്താണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കാടാമ്പുഴയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
സംക്രാന്തിയിലെ പാർക്ക് ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ നേരത്തെ പുറത്തു വന്നിരുന്നു. ഡിസംബർ 29ന് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേർക്കാണ് വിഷബാധയേറ്റത്. എല്ലാവരും അപകടനില തരണം ചെയ്തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവൽ ദിവസങ്ങളോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു.