സിയാലിന്‍റെ ചരിത്രത്തിലാദ്യമായി ഒരു മാസം 10 ലക്ഷം യാത്രക്കാരെന്ന നേട്ടവും 2024 ഡിസംബർ മാസത്തിൽ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ വമ്പൻ നേട്ടം കുറിച്ച് കൊച്ചി വിമാനത്താവളം. 2024ലും ഒരു കോടി യാത്രക്കാരെ വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്യാൻ സിയാലിന് സാധിച്ചു എന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തുടർച്ചയായ രണ്ട് വർഷവും നേട്ടം കൈവരിച്ചതിന് പുറമെ സിയാലിന്‍റെ ചരിത്രത്തിലാദ്യമായി ഒരു മാസം 10 ലക്ഷം യാത്രക്കാരെന്ന നേട്ടവും 2024 ഡിസംബർ മാസത്തിൽ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
ആഭ്യന്തര - അന്താരാഷ്ട്ര സർവീസുകളിൽ കൂടുതൽ സർവീസ് തുടങ്ങാനും ഇതിലൂടെ 1.25 കോടി യാത്രക്കാരെ ഈ വർഷം വിമാനത്താവളത്തിൽ സ്വീകരിക്കാനും സാധിക്കുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്. ഇതിനായി പഞ്ച നക്ഷത്ര ഹോട്ടലും അത്യാധുനിക ലോഞ്ച് സൗകര്യങ്ങളുമുൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, സുസ്ഥിര വികസനത്തിനും പ്രവർത്തന മികവിനുമുള്ള 10 മെഗാ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളും സിയാൽ നടപ്പിലാക്കിയിട്ടുണ്ട്. കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം , കണ്ണൂരിലെ പയ്യന്നൂർ സോളാർ പ്ലാന്റ്, ബിസിനസ് ജെറ്റ് ടെർമിനൽ, ഇംപോർട്ട് കാർഗോ ടെർമിനൽ, 0484 എയ്റോ ലോഞ്ച്, എയർപോർട്ട് എമർജൻസി സർവീസ് പരിഷ്‌ക്കരണം എന്നിവ ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്.
ഐടി, സുരക്ഷാ സജ്ജീകരണങ്ങളുടെ സമഗ്രമായ നവീകരണങ്ങളും ഈ കാലയളവിൽ നടപ്പിലാക്കി. 2024 സെപ്റ്റംബറിൽ തുറന്ന, 0484 എയ്റോ ലോഞ്ച് ഗംഭീര വിജയമായി. രണ്ടാം ടെർമിനലിൽ സ്ഥിതിചെയ്യുന്ന എയ്‌റോ ലോഞ്ച് രണ്ടുമാസത്തിനുള്ളിൽ 100 ശതമാനം ബുക്കിങ് എന്ന നേട്ടം കൈവരിച്ചു. യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിനുള്ളിൽ ആഡംബര ഹോട്ടൽ സൗകര്യമാണ് 0484 എയ്‌റോ ലോഞ്ച് ഒരുക്കിയിട്ടുള്ളത്.
ടെർമിനലുകളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ഹോട്ടലിലേയ്ക്ക് ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും. താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റൺവേയും മറുവശത്ത് ഹരിതാശോഭയും കാഴ്ചയൊരുക്കുന്ന 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്‌നസ് സെന്റർ എന്നിവ പഞ്ചനക്ഷത്ര മോടിയോടെ കൊച്ചി വിമാനത്താവള താജ് ഹോട്ടലിലുണ്ട്. താജിന്റെ പ്രശസ്തമായ വിസ്ത റസ്റ്ററന്റ് (24 മണിക്കൂർ), ഹൗസ് ഓഫ് മിംഗ് എന്നിവ രൂചി സമൃദ്ധി ഒരുക്കുന്നു. 4 ഏക്കറിൽ സ്ഥിതിചെയ്യുന്ന താജ് ഹോട്ടലിന് കാർ പാർക്കിങ് വിശാലമായ സ്ഥലവുമുണ്ട്.