ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിൽ ആണ് ഭക്ഷ്യ വിഷബാധ. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.
കൊടുമൺ കാരമൽ സ്റ്റോറീസ് ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ നിർദ്ദേശം. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെതാണ് നടപടി. കാരമൽ ഹോട്ടലിൽ നിന്നാണ് സ്കൂളിൽ ബിരിയാണി എത്തിച്ചത്. സ്കൂളിൽ ഭക്ഷണ വിതരണം നടത്താൻ ഹോട്ടലിന് അനുമതി നൽകിയിരുന്നില്ല എന്ന് പ്രിൻസിപ്പൽ പറഞ്ഞു. 50 അധ്യാപകർക്കുള്ള ഭക്ഷണം എത്തിക്കാനുള്ള ഓർഡറാണ് നൽകിയത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് നടപടിയെടുക്കും.
അതേസമയം ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് പൂട്ടിയത്. അഞ്ച് ഹോട്ടലുകൾക്ക് പിഴച്ചുമത്തി. ജില്ലയിൽ ഇന്ന് 16 ഇടങ്ങളിലാണ് സ്പെഷ്യൽ സ്ക്വാർഡിന്റെ പരിശോധന നടന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് പേർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിരിക്കുന്നത്.