വിഴിഞ്ഞത്തിൽ വിട്ടുവീഴ്ചയില്ലാതെ മത്സ്യത്തൊഴിലാളികൾ, രാപകൽ സമരം മൂന്നാം ദിനം

By Web Team  |  First Published Aug 18, 2022, 6:07 AM IST

കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം


തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം ഇന്ന് മൂന്നാംദിവസം. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി. ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. 

Latest Videos

 

സ്ഥലത്തെ പൊലീസ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാന വിഷയങ്ങളിൽ അല്ല ചർച്ച വേണ്ടത് എന്ന നിലപാടിലാണ് അതിരൂപത. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ഉപരോധ സമരം നടത്തുന്നത്.അടുത്ത തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തും എന്ന് സമര സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കണം,വിഴിഞ്ഞം പദ്ധതിയുടെ ആഘാതം പഠിക്കണം-ലത്തീൻ അതിരൂപത

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ല.ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും  തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര പറഞ്ഞു.

തീര സംരക്ഷണത്തിനായി 2,400 കോടിയുടെ കേന്ദ്ര സഹായം തേടി കേരളം

കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം റുപാലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി വി.അബ്ദുറഹിമാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ പോഷകാഹാരത്തിനും ഉപജീവനത്തിനും ആയുള്ള പദ്ധതിയുടെ വിഹിതവും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. തലസ്ഥാനത്ത് വിഴിഞ്ഞം വിഷയത്തിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നതിനിടെയാണ് സംസ്ഥാന തുറമുഖ മന്ത്രി കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.  

വിഴിഞ്ഞം പദ്ധതിക്കെതിരായ സമരം പെട്ടന്ന് തീരുമാനമെടുക്കാൻ കഴിയുന്ന ഒന്നല്ല എന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്നും വി.അബ്ദുറഹിമാൻ വ്യക്തമാക്കി. വിഴിഞ്ഞത്ത് ഇപ്പോൾ നിർമാണം നിർത്തി വച്ചിരിക്കുന്നത് മഴക്കാല നിയന്ത്രണങ്ങളുടെ ഭാഗമായാണ്. മൺസൂൺ സമയത്ത് കടലുമായി ബന്ധപ്പെട്ടുള്ള എല്ലാ നിർമാണങ്ങളും നിർത്തിവയ്ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

click me!