പാലക്കാട്ട് ആന ചരിഞ്ഞ സംഭവം; സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് പിടിയിലായ ആള്‍

By Web Team  |  First Published Jun 5, 2020, 2:17 PM IST

പടക്കം തയാറാക്കിയ മറ്റ് രണ്ട് പേർക്ക് കൂടി കേസിൽ പങ്കുണ്ടെന്ന്  തെളിഞ്ഞതിനാൽ ഇവർക്കായി അന്വേഷണം തുടങ്ങി.
 


പാലക്കാട്: പാലക്കാട്ട് കാട്ടാനയെ കൊല്ലാന്‍ സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ വില്‍സന്‍. അന്വേഷണ സംഘത്തോട് ഇയാള്‍ ഇക്കാര്യം സമ്മതിച്ചു. കാട്ടുപന്നിയെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും വിൽസന്‍ മൊഴി നൽകിയിട്ടുണ്ട്. ടാപ്പിംഗ് തൊഴിലാളിയും പാട്ടകര്‍ഷകനുമായ ഇയാള്‍ കേസിലെ മൂന്നാം പ്രതിയാണ്. ഒളിവിലുള്ള മുഖ്യപ്രതികളായ അമ്പലപ്പാറയിലെ തോട്ടം ഉടമ അബ്‍ദുല്‍ കരീം മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലമ്പൂരില്‍ നിന്നാണ് അബ്‍ദുല്‍ കരീം സ്ഫോടക വസ്തു എത്തിച്ചത്. 

കൃഷിയിടങ്ങളിൽ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് വിവരം. കഴിഞ്ഞ മാസം 27 നാണ് വെള്ളിയാർ പുഴയിൽ വച്ച് കാട്ടാന ചെരിഞ്ഞത്. പൈനാപ്പിളിൽ വച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം. വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം. 

Latest Videos

undefined

സൈലന്‍റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയിൽ ഇവയെ അകറ്റാൻ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. 

പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കഴമ്പില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.

 

click me!