സെക്രട്ടറിയേറ്റിൽ തീപിടിത്തം, മന്ത്രി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി

By Web Team  |  First Published May 9, 2023, 8:38 AM IST

പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് കത്തിയത്. ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു.
 


തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപം തീപിടുത്തം. മന്ത്രി പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജി വിനോദിന്റെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിരിക്കുന്ന നോര്‍ത്ത് ബ്ലോക്കിനോട് ചേര്‍ന്ന ബ്ലോക്കിലാണ് രാവിലെ 7.55 ഓടെ തീപടർന്നത്. മൂന്നാം നിലയിൽ മന്ത്രി പി രാജീവിന്റെ ഓഫീസിനോട് ചേര്‍ന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിലെ എസിയിൽ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഓഫീസ് അസിസ്റ്റന്റ് എത്തി എസി ഓൺ ചെയ്തതിന് പിന്നാലെയാണ് തീ പടർന്നത്. എസി കത്തിപ്പോയി. കര്‍ട്ടനിലേക്കും സീലിംഗിലേക്കും തീ പടര്‍ന്നു. ഓഫീസ് ഫര്‍ണിച്ചറുകളും കത്തി നശിച്ചു. ഫയര്‍ ഫോഴിസിന്റെ രണ്ട് യൂണിറ്റ് ആദ്യം സ്ഥലത്തെത്തി. 15 മിനിറ്റിനകം തന്നെ തീ പൂർണ്ണമായും അണച്ചു. ജില്ലാ കളക്ടറെത്തി സ്ഥിതി വിലയിരുത്തി. പൊലീസ് കേസെടുത്തിട്ടുണ്ട്. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടിലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇ ഫയലിംഗ് നടപ്പാക്കിയതിനാൽ എല്ലാം സുരക്ഷിതമാണെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. 

തീപിടുത്ത വാര്‍ത്ത അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലും സെക്രട്ടേറിയറ്റിനകത്തേക്ക് കയറ്റി വിട്ടില്ല. ദൃശ്യങ്ങളെടുക്കാനും സമ്മതിച്ചില്ല. ഗേറ്റുകളിൽ കർശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. രണ്ടര വര്‍ഷം മുൻപ് സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്ത് ആക്ഷേപം ശക്തമായിരുന്ന സമയത്ത് ഇതേ കെട്ടിടത്തിലെ പൊതു ഭരണ വകുപ്പ് പ്രോട്ടോകോൾ സെഷിനിൽ തീപടര്‍ന്നത് വലിയ വിവാദമായിരുന്നു. കേടായ ഫാനിൽ നിന്നുണ്ടായ ഷോട്ട് സർക്യൂട്ട് എന്നും പ്രധാന രേഖകളൊന്നും നശിച്ചില്ലെന്നുമായിരുന്നു അന്നത്തെ വിശദീകരണം. 
 

Latest Videos

click me!